ന്യൂഡൽഹി: പാർലമെന്റിൽ മൺസൂൺ സെഷൻ ആരംഭിക്കാനിരിക്കെ സിക്കിം അതിർത്തിയിൽ ചൈനയുമായുള്ള ബന്ധത്തിലുണ്ടായ ഉലച്ചിൽ വിഷയം നേരിടുന്നത് ചർച്ച ചെയ്യാൻ കേന്ദ്രം പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കളിൽ ചിലരോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചതായാണ് വിവരം.

ജി20 ഉച്ചകോടിയുടെ സമാന്തരമായി തന്നെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഉണ്ടായ വെല്ലുവിളി നിറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ നേരത്തേ മുതൽ ഉലച്ചിലുകളുണ്ടെങ്കിലും സിക്കിം അതിർത്തിയിൽ പ്രശ്നം രൂക്ഷമായത് ഈയടുത്താണ്. നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതോടെ സമാധാന ചർച്ചകൾ പോലും സാധ്യമാകില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

പാർലെമെന്റിൽ പ്രതിപക്ഷം ഈ വിഷയത്തിൽ ഉയർത്തുന്ന പ്രസ്താവനകൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ കൂടുതൽ ഉലച്ചിലുകൾ ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. സമാധാനം പുന:സ്ഥാപിക്കുന്നത് വരെ പാർലമെന്റ് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കാൻ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ