പനാജി : കന്നുകാലി കശാപ്പിനു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ എതിര്‍ക്കാന്‍ ഗോവ സര്‍ക്കാരിന്‍റെ തീരുമാനം. കേന്ദ്രവിജ്ഞാപനം ജനങ്ങളുടെ മനസ്സില്‍ ‘ആശങ്ക’ ഉണ്ടാക്കുന്നതാണ് എന്നാണ് ശനിയാഴ്ച ഇതുസംബന്ധിച്ച് ഒരു സംസ്ഥാന മന്ത്രി പറഞ്ഞത്.

ഗോവയുടെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കുന്നതിനെക്കുറിച്ച് ” ഞാന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. കേന്ദ്രത്തിനു ഇതറിയിച്ചുകൊണ്ട് കത്തെഴുതാം എന്നാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്” കൃഷിമന്ത്രി വിജയ്‌ സര്‍ദേശായി പറഞ്ഞു.

” മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തോട് സംസ്ഥാനസര്‍ക്കാരിനുള്ള എതിര്‍പ്പും തിരുത്തലും കേന്ദ്രത്തെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. അദ്ദേഹം പറഞ്ഞു. ഈ വിജ്ഞാപനം ഗോവക്കാരെ ഒരുപാട് അലട്ടിയിട്ടുണ്ട്. എല്ലാവരെയും സസ്യാഹാരികളാക്കുക എന്നതാണ് സര്‍ക്കാര്‍ ശ്രമം എന്ന ഭയം അവരിലുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്‍റെ വിജ്ഞാപനത്തിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വരുന്നത്. “പാലു തരുന്നതും ഉഴുവാനോ ഭാരം വലിക്കാനോ ഉപയോഗിക്കുന്നതുമായ മൃഗങ്ങളെക്കുറിച്ചാണ് മൃഗങ്ങളെക്കുറിച്ച് വിജ്ഞാപനം സംസാരിക്കുന്നുണ്ട്. ഉഴുവാനും ഭാരം വലിക്കാനും ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് വയസ്സാവുമ്പോള്‍ അവയെ കൊല്ലുകയാണ് ചെയ്യുക. കോഴിയും ആടുമടക്കം എല്ലാത്തരം മൃഗങ്ങളെയും അവര്‍ പരാമര്‍ശിക്കുന്നുണ്ട്. അതിന്‍റെ അര്‍ഥം ജനങ്ങള്‍ സസ്യാഹാരികള്‍ ആവണം എന്നാണ്.” വിജയ്‌ സര്‍ദേശായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ