മുംബൈ: ഫോണില്‍ സംസാരിച്ച് റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെ 19കാരിയെ ട്രെയിന്‍ ഇടിച്ചിട്ടു. മുംബൈയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. എന്നാല്‍ കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തി കൊണ്ട് നിസാര പരുക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെട്ടു.

ഭാന്‍ദൂപ് സ്വദേശിനിയായ പ്രതീക്ഷ നടേക്കറാണ് അപകടത്തില്‍പെട്ടത്. ഹെഡ്ഫോണില്‍ സംസാരിച്ച് പാളം മുറിച്ച് കടക്കുന്നതിനിടെ പ്രതീക്ഷയെ ട്രെയിനിടിച്ചു വീഴ്‍ത്തുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ മാത്രമാണ് പ്രതീക്ഷ ട്രെയിന്‍ കണ്ടത്. പരിഭ്രാന്തിയിലായ പ്രതീക്ഷ പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ട്രാക്കില്‍ നിന്നും എടുത്ത് ചാടാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ ഇടിച്ചു വീഴ്ത്തി.

പെണ്‍കുട്ടി മരിച്ചെന്നാണ് എല്ലാവരും കരുതിയതെങ്കിലും ട്രെയിനിന് അടിയില്‍ കമിഴ്ന്ന് കിടന്ന പ്രതീക്ഷ മുഖത്തേറ്റ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ