മെക്സിക്കോ സിറ്റി: മറ്റ് ഇനത്തില്‍ പെട്ട ഡോള്‍ഫിനുകളുടെ ആക്രമണത്തില്‍ ജീവനറ്റ 21 ഡോള്‍ഫിനുകളുടെ ജഡം മെക്സിക്കോ തീരത്തടിഞ്ഞു. ഇതിന് പിന്നാലെ തീരത്തടിഞ്ഞ 54 ഡോള്‍ഫിനുകളെ കടലിലേക്ക് തിരിച്ച് അയക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിച്ചു.

എന്നാല്‍ 33 എണ്ണത്തെ ജീവനോടെ കടലിലേക്ക് അയക്കാന്‍ പറ്റിയെങ്കിലും ബാക്കി ഉണ്ടായിരുന്ന ഡോള്‍ഫിനുകള്‍ ചത്തൊടുങ്ങി. മെക്സിക്കന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബോട്ടില്‍നോസ് ഡോള്‍ഫിന്‍സുകളുടെ ആക്രമണത്തിന് ഇരയായാണ് ഇവ ചത്തതെന്നും കരയിലേക്ക് കയറിയതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ആക്രമണകാരികളായ ഈ ഇനത്തില്‍ പെട്ട ഡോള്‍ഫിനുകള്‍ കടിച്ച പാടുകള്‍ കരയിലെത്തിയ ഡോള്‍ഫിനുകളുടെ ദേഹത്തുണ്ട്. കുപ്പിമൂക്കന്‍ ഡോള്‍ഫിനുകള്‍ മറ്റ് ഡോള്‍ഫിനുകളില്‍ നിന്നും വ്യത്യസ്ഥരാണ്. ആക്രമണ സ്വഭാവം കാണിക്കുന്ന ഇവ ആഹാരത്തിനല്ലാതെ മറ്റ് ഡോള്‍ഫിനുകളുടെ ജീവനെടുക്കാറുണ്ട്.

മൂന്നിനം കുപ്പിമൂക്കൻ ഡോൾഫിനുകൾ ആണുള്ളത്. അതിൽ ഇൻഡോ-പസിഫിക് കുപ്പിമൂക്കൻ ഡോൾഫിൻ (Tursiops aduncus) കേരളതീരത്തുമുണ്ട്. ഇരുണ്ട ചാരനിറമാണെങ്കിലും ഇതിന്റെ നിറത്തിനു വ്യത്യാസം വരാം. ആഴമുള്ള ഒരു ഭാഗം ഇതിന്റെ കൊക്കിനെ വേർതിരിക്കുന്നു. കൊക്ക് ചെറുതും സവിശേഷാകൃതിയുള്ളതുമാണ്. മുതുകിൽ ചിറകും മറ്റു ശരീരഭാഗങ്ങളേക്കാൾ ഇരുണ്ട നിറത്തിലുള്ളവയാണ്. തുഴകൾ വണ്ണം കുറഞ്ഞതും ഏറെക്കുറെ നീളമുള്ളതുമാണ്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ