ന്യൂഡല്‍ഹി: മുന്‍ ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നാരായണ്‍ ദത്ത് തിവാരിയെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 91കാരനായ തിവാരിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സ്വവസതിയില്‍ വെച്ച് രാവിലെ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ അബോധാവസ്ഥയില്‍ ആവുകയായിരുന്നുവെന്ന് മകന്‍ രോഹിത് വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം വഹിച്ച ഏക ഇന്ത്യന്‍ രാഷ്ട്രീയ നേതാവാണ് എന്‍ഡി തിവാരി. ഉത്തര്‍പ്രദേശില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി സ്ഥാനം വഹിച്ച അദ്ദേഹം 2002ല്‍ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2007 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശിന്റെ ഗവര്‍ണറായിരുന്നു. പിന്നീട് ഒരു ലൈംഗികാരോപണത്തില്‍ പെട്ടാണ് അദ്ദേഹം രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. നേരത്തേ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം ഈ വര്‍ഷം ആദ്യം മകന്‍ രോഹിതിനൊപ്പം ബിജെപിയില്‍ ചേരുകയായിരുന്നു.

2008ല്‍ തിവാരിയുടെ മകനാണെന്ന് വാദിച്ച് രംഗത്തെത്തിയ ആളാണ് രോഹിത് . ആറുവർഷത്തിലേറെ നിയമയുദ്ധം നടത്തിയശേഷമാണു തിവാരി രോഹിതിനെ മകനായി അംഗീകരിച്ചത്. തുടർന്നു മകന്റെ അമ്മ ഉജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു. പിതൃത്വം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് നൽകിയ കേസിനെ തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിൽ പിതൃത്വം തെളിയിക്കപ്പെട്ടതോടെ രോഹിതിന്റെ പിതാവ് തിവാരി തന്നെയാണെന്നു ഡൽഹി ഹൈക്കോടതി വിധിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ