തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്ബിടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഇന്ന് (ഒക്ടോബര്‍1) മുതല്‍ ഉപയോഗിക്കാനാകില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുകളൊന്നും സ്വീകരിക്കില്ല. എന്നാല്‍ നേരത്തെ എസ്ബിടി നല്‍കിയ പാസ്ബുക്ക്, എടിഎം/ഡെബിറ്റ് കാര്‍ഡ് എന്നിവ തുടര്‍ന്നും ഉപയോഗിക്കാം.

ശാഖകളുടെ IFS കോഡുകളും മാറും. പണമിടപാടുകള്‍ക്കായി അടുത്ത മാസം ഒന്നിന് ശേഷമുള്ള തീയതികളില്‍ മാറാനുള്ള എസ്ബിടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക് അത് മാറാനും സാധിക്കില്ല. ഇവര്‍ പുതിയ ചെക്കുകള്‍ വാങ്ങണം. നേരത്തെ എസ്ബിടിയുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെല്ലാം എസ്ബിഐയുടെ ചെക്ക് ബുക്കുകള്‍ അയച്ചുകൊടുത്തിട്ടുണ്ട്. ഇത് ലഭിക്കാത്തവരുണ്ടെങ്കില്‍ അതത് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്കുകള്‍ സ്വീകരിക്കണം. എടിഎം കൗണ്ടറുകള്‍ വഴിയും ഇന്റര്‍നെറ്റ് ബാങ്കിങ് വെബ്‌സൈറ്റിലൂടെയും ചെക്ക്ബുക്കിന് റിക്വസ്റ്റ് നല്‍കാന്‍ സാധിക്കും.

72 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും 5 അനുബന്ധ ബാങ്കുകളും ഏപ്രില്‍ ഒന്നിനാണ് എസ്ബിഐയില്‍ ലയിച്ചത്. ലയന നടപടികള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിച്ച് വരികയായിരുന്നു. ലയന പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ് ചെക്ക് ബുക്കുകളുടെ കാലാവധിയും ഇന്ന് അവസാനിക്കുന്നത്.

ആഗോളതലത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐ ഇടംപിടിക്കുമെന്നും ബാങ്കുകളുടെ നടത്തിപ്പ് ചെലവില്‍ വലിയ കുറവുണ്ടാകുമെന്നും വ്യക്തമാക്കിയായിരുന്നു. കേന്ദ്രം കഴിഞ്ഞ മാര്‍ച്ചിലാണ് ലയന നടപടികളിലേക്ക് കടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ