പട്ന: നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന കൈകൾ വെട്ടി മാറ്റുമെന്ന് ബിജെപി നേതാവിന്റെ മുന്നറിയിപ്പ്. ”ദരിദ്ര കുടുംബത്തിൽ നിന്നാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയത്. മോദിക്കെതിരെ ഒരു ചെറുവിരൽ ഉയർത്തിയാലും അത് തല്ലിയൊടിക്കും. ഉയർത്തുന്നത് കൈകൾ ആണെങ്കിൽ വേണ്ടിവന്നാൽ വെട്ടി മാറ്റുമെന്നും” ബിഹാർ ബിജെപി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ ഉജിയാർപൂർ നിത്യാനന്ദ റായ് പറഞ്ഞു. പട്നയിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് നിത്യാനന്ദയുടെ ഭീഷണി.

ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, മറ്റു ബിജെപി മന്ത്രിമാരായ നന്ദ് കിഷോർ യാദവ്, മംഗൽ പാണ്ഡ്യ, സുരേഷ് ശർമ ഉൾപ്പെടെയുളള നിരവധി നേതാക്കൾ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. തന്റെ പ്രസ്താവന വിവാദമായതോടെ റായ് മറുപടിയുമായി രംഗത്തെത്തി.

വിരലൊടിക്കുമെന്നും കൈവെട്ടുമെന്നുമുള്ള പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണ്. രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നും റായ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ