കുഞ്ഞു കുന്നുകള്‍ കയറിയിറങ്ങിയാണ് ഗ്രാമത്തിലേക്കുള്ള റോഡ്. കന്യാസ്ത്രീ മഠം കഴിഞ്ഞ് പടിഞ്ഞാറോട്ടേയ്ക്ക്, ഞങ്ങളുടെ വീടിനു മുകളിലുള്ള കുന്നു തുടങ്ങി, ഇറക്കമാണ്. കുന്നിറങ്ങി താഴെ ചെന്നാല്‍ രണ്ടു മൂന്നു കിലോമീറ്ററോളം നീളത്തില്‍ വഴിയുടെ ഇരുവശത്തും നെല്ലും ഉഴുന്നും മാറിമാറി കൃഷി ചെയ്യുന്ന പാടം. അതു കഴിഞ്ഞാല്‍ കടവും, കടവിനപ്പുറം ഏഴിമലയിലെ ലൈറ്റ് ഹൗസ് കാണാവുന്നത്ര പരന്ന ചേറുപാടങ്ങളും അഴിമുഖവുമാണ്. റോഡിനഭിമുഖമാണ് വീടെങ്കിലും പടിഞ്ഞാറ് മാറി മരങ്ങളുടെ ഇടയിലൂടെ നോക്കിയാല്‍ വടക്കു ഭാഗത്തും വിശാലമായ നെല്‍‌പ്പാടവും പുഴയുമാണ്. കുന്നിന്റെ മുകളിലായിരിക്കുന്നതിന്റെ ആനുകൂല്യം ചുറ്റുപാടുമുള്ളവയുടെ വിഹഗവീക്ഷണമോ, ജനല്‍ തുറന്നിട്ടാല്‍ കാറ്റുകിട്ടുമെന്നതോ മാത്രമല്ല, രാത്രിയായിക്കഴിഞ്ഞാല്‍ നിവര്‍ന്നു വിരിയുന്ന ആകാശത്തിന്റെ അനന്തവിസ്മയക്കാഴ്ച കൂടിയാണ്.

ഒമ്പതരയ്ക്കുള്ള അവസാന ബസ്സ്‌ പോയിക്കഴിഞ്ഞാൽ അക്കാലത്ത്‌, രാത്രി, വാഹനങ്ങൾ വേറെ വരാനില്ല; വളരെ അപൂർവ്വമായി, വൈകിയെത്തിയ ട്രെയിനിറങ്ങിയ യാത്രക്കാരനോ മറ്റോ സ്പെഷൽ പിടിച്ചു വരുന്ന ജീപ്പല്ലാതെ. രാത്രി അത്താഴം കഴിച്ചു കഴിഞ്ഞാൽ സഹോദരങ്ങളെയും കൊണ്ട്‌ ഞാൻ റോഡിലിറങ്ങും. ആകാശം നോക്കി നടക്കുകയാണ് പരിപാടി. പകൽ പഴുത്തു കിടന്നിരുന്ന ടാർ റോഡ് തണുത്ത് നനുത്തൊരു കാർപെറ്റ് പോലെ ആയിട്ടുണ്ടാവും. ചെരിപ്പിടാതെ, കാറ്റുകൊണ്ട്, മാനം നോക്കി നടക്കുന്നതിനിടെ കഥകളുണ്ടാക്കിപ്പറയും, ഓരോരുത്തരും. വായിച്ച അമർ ചിത്ര കഥകളിലെ വായുപുത്രനെപ്പോലെ ആകാശത്തേക്കുയരുന്നതിനെപ്പറ്റിയോ നക്ഷത്രങ്ങളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനെക്കുറിച്ചോ ചെന്നുപെടുന്ന നക്ഷത്രത്തിൽ ഒളിഞ്ഞു കിടന്ന സ്വർണഖനി സ്വന്തമാക്കി തിരികെ വരുന്നതിനെക്കുറിച്ചോ ഒക്കെയായിരുന്നു ആദ്യ കഥകൾ. അദ്‌ഭുതം കൂറി, കഥയിലെ മുത്തുകൾ വിട്ടുപോവാതിരിക്കാൻ, എല്ലാവരും പറ്റിക്കൂടിയായിരിക്കും നടപ്പ്. ഉല്‍ക്കകളെക്കുറിച്ചും വാല്‍നക്ഷത്രങ്ങളെക്കുറിച്ചുമൊക്കെ ശാസ്ത്രമെന്തു പറഞ്ഞാലും ബാല്യത്തില്‍ ഭാവനയുടെ അതിരുകള്‍ തുറന്നിടുന്നതിന് അനന്തവിഹായസ്സിലേക്ക് ഒരു നോട്ടം മാത്രം മതിയായിരുന്നു.

Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും

ഒരിക്കല്‍ ഒരു ഉപന്യാസ മത്സരത്തിന് സമ്മാനമായി കിട്ടിയത് ഡോ. എം.പി. പരമേശ്വരന്റെ ‘പ്രപഞ്ചരേഖ’ എന്ന പരിഷത്ത് പുസ്തകമായിരുന്നു. അതില്‍ പ്രപഞ്ചോ‌ല്‍പ്പത്തി മുതല്‍ നക്ഷത്രങ്ങളുടെ ജനനത്തെയും മരണത്തെയും കുറിച്ചും ഗാലക്സികളെക്കുറിച്ചും തമോഗ്രഹങ്ങളെക്കുറിച്ചും സൗരയൂഥത്തെക്കുറിച്ചും ഗ്രഹണത്തെക്കുറിച്ചുമെല്ലാം സരസമായി എഴുതിട്ടുണ്ടായിരുന്നു. ശാസ്ത്രകുതുകികളായ ഞങ്ങള്‍ കുട്ടികള്‍ ചില്ലുവിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകം തുറന്നു വച്ച് സൗരയൂഥത്തോട് ഏറ്റവും അടുത്തുകിടക്കുന്ന അല്‍ഫാ സെന്റോറി, ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസ് ഉള്‍പ്പെട്ട കാനിസ് മേജര്‍, അര്‍സ മൈനറിലുള്‍പ്പെട്ട ധ്രുവനക്ഷത്രം, ഹൈഡ്ര, ആന്‍ഡ്രോമീഡ എന്നിവയൊക്കെ ആകാശത്തു ലൊക്കേറ്റു ചെയ്യണമെന്നു ഗൃഹപാഠം ചെയ്യും. ബെല്‍റ്റ് ധരിച്ച വേട്ടക്കാരനും, വലുതും ചെറുതുമായ കരടികളും, ഗ്രഹങ്ങളായ ശുക്രനും വ്യാഴവുമെല്ലാം മാസങ്ങള്‍ മാറുന്നതിനനുസരിച്ച് വിവിധയിടങ്ങളിലേക്ക് തെന്നിമാറുന്നതും വാവിനൊത്തുള്ള അമ്പിളിയമ്മാവന്റെ രൂപമാറ്റവുമെല്ലാം അദ്ഭുതാവഹങ്ങളായ കാഴ്ചകള്‍ തന്നെയായിരുന്നു കുട്ടിക്കാലത്ത്.

blood moon,super moon,

ഇന്ന് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ എന്നു വിളിക്കുന്ന മഹാ ചന്ദ്രഗ്രഹണമാണ്.1866 നു ശേഷം 152 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇതു നടക്കുന്നത്. ഇന്ന് സൂര്യനസ്തമിച്ചുകഴിഞ്ഞുള്ള സമയത്ത് സൂപ്പര്‍ മൂണ്‍, ബ്ലു മൂണ്‍, ചന്ദ്രഗ്രഹണം എന്നിവ ഒന്നിച്ചുവരുന്നതുകൊണ്ടാണ് ഈ ആകാശവിസ്മയം സാദ്ധ്യമാകുന്നത്.

ദീര്‍ഘ വൃത്തമായ പഥത്തിലൂടെയാണ് ഓരോ മാസവും ചന്ദ്രന്‍ ഭൂമിയെ വലം വയ്ക്കുന്നത്; ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതിനെ പെരിജീ (Perigee) എന്നും ഏറ്റവും അകലെയാവുന്നതിനെ ആപജീ (Apogee) എന്നുമാണ് പറയുക. പെരിജീയില്‍ എത്തുമ്പോള്‍ വെളുത്തവാവ് ആണെങ്കില്‍ അമ്പിളിയമ്മാവന് 14 ശതമാനം  വലിപ്പക്കൂടുതലും 30 ശതമാനം  തെളിച്ചക്കൂടുതലും ഉണ്ടാവുമെങ്കിലും തെളിച്ചമാണ് നമുക്കു കൂടുതല്‍ ഗ്രാഹ്യമാവുക. അതാണ് സൂപ്പര്‍ മൂണ്‍.

ഒരു മാസത്തില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്മാര്‍ ദൃശ്യമാവുന്നതിനെയാണ് ബ്ലു മൂണ്‍ എന്നു പറയുന്നത്. അപൂര്‍വ്വമെങ്കിലും 2015 ജൂലൈയിലുണ്ടായിരുന്ന ഈ പ്രതിഭാസം ഇനി വരുന്ന മാര്‍ച്ച് 31 നും, നീലനിറമൊന്നുമില്ലെങ്കിലും, കാണാനാവും.

Read More: ഈ ചാന്ദ്രവിസ്‌മയം ഇന്ന് കണ്ടില്ലെങ്കിൽ ഇനി ഈ ജന്മത്തിൽ കാണാനാവില്ല

സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ ഇതേ ക്രമത്തില്‍ വരുമ്പോളാണ് വെളുത്തവാവ് അഥവാ ചന്ദ്രഗ്രഹണമുണ്ടാവുക. ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുമെങ്കിലും ഭൂമിയില്‍ പതിക്കുന്ന പ്രകാശത്തിന് അപഭ്രംശം സംഭവിച്ച് ചന്ദ്രനുമേല്‍ പതിക്കും. ചന്ദ്രന്‍ പ്രതിഫലിപ്പിക്കുന്ന ആ പ്രകാശരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ നമ്മുടെ കണ്ണിലെത്തുമ്പോഴേയ്ക്കും തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പും ഓറഞ്ചുമൊക്കെയാണ് ബാക്കിയാവുക. ചോരച്ചുവപ്പോടെ ചന്ദ്രന്‍ ദൃശ്യമാവും; അതാണ് ബ്ലഡ് മൂണ്‍.

മഹാരഥന്‍മാരായ പല ജ്യോതിശാസ്ത്രജ്ഞര്‍ക്കും കാണാന്‍ കഴിയാതെ പോയ ഈ അസുലഭ വിസ്മയത്തിനു സാക്ഷിയാവാന്‍ കുട്ടികളെയും കൂട്ടുകാരേയും വിളിച്ച് കുന്നിന്‍പുറത്തോ മട്ടുപ്പാവിലോ പോവുക. കണ്ണു മിഴിച്ച് ആകാശത്തേക്ക് നോക്കുക. ഇരുണ്ട ഈ കാലഘട്ടത്തില്‍ ജീവിക്കുന്നുവെന്നതിന് പ്രകൃതി നല്‍കിയ അപൂര്‍‌വ സമ്മാനമാണിത്. കണ്ണുനിറയെ കാണുക!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ