വിഷയ വൈവിദ്ധ്യം കൊണ്ടും ഭാഷയിൽ സൃഷ്ടിക്കുന്ന സുതാര്യവും ചിലപ്പോൾ വക്രീകരിക്കപ്പെട്ടിട്ടുള്ളതുമായ ആഖ്യാനത്തിലൂടെയും മുന്നേറുന്നവയാണ് ജോണി പ്ലാത്തോട്ടത്തിന്‍റെ കഥകൾ. ജോണി എന്ന എഴുത്താളിന്‍റെ (ഒരു പ്ലാത്തോട്ടം പ്രയോഗം) സ്വപ്നാടനത്തിന്‍റെ സ്വകാര്യ സാധ്യതകൾ എന്ന തെരഞ്ഞെടുത്ത കഥകളുടെ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ എഴുത്തിന്‍റെ ഓരം ചേർന്നു സഞ്ചരിക്കുന്ന നിർമ്മമനായ ഒരു കഥാകാരനെയാണ് കാണുവാൻ സാധിക്കുന്നത്. പ്രമേയത്തിന്‍റെ വൈകാരിക സംഘർഷങ്ങളിലേക്ക് ആമഗ്നനാകാതെ രചനാ ശില്പത്തിന്‍റെ അകത്തും പുറത്തും ഒരേ പോലെ മാറി മാറി നിലയുറപ്പിക്കുന്ന ആഖ്യാന തന്ത്രമാണ് പലപ്പോഴും അദ്ദേഹം സ്വീകരിക്കുന്നത്.

‘ലെസ്ബിയൻ ഹസ്ബന്റ്’ , ‘പെൺ പാദങ്ങളുടെ ഭാവുകത്വ പ്രസക്തി’, ‘കിരാത പർവ്വം’, ‘ആപേക്ഷിക മരണം’ തുടങ്ങിയ കഥകളുടെ അന്തർധാരയായി വർത്തിക്കുന്ന ‘അരാഷ്ട്രീയത’ എന്ന രാഷ്ട്രീയം ഒരു പക്ഷേ പ്ലാത്തോട്ടത്തിന്‍റെ കഥകളിൽ മാത്രം വായിച്ചെടുക്കാവുന്നവയാണ്. കേരള ഗവൺമെന്റ് ആവിഷ്കരിച്ച ലോട്ടറി സമ്പ്രദായം കഥാപാത്രമെന്നു നിർവ്വചിക്കാവുന്ന അർത്ഥതലത്തിൽ പ്രമേയവൽക്കരിക്കപ്പെട്ട , ചരിത്രത്തേയും കമ്മ്യൂണിസത്തേയും പ്രത്യക്ഷമെന്നോ ഗൂഢമെന്നോ പറയാനാകാത്ത വിധത്തിൽ അർദ്ധസ്മിതത്തിൽ അപഗ്രഥിക്കുന്ന, മലയാളത്തിലെ മികച്ച രാഷ്ടീയ കഥകളിലൊന്നാണ് ‘ലോട്ടറി എഫക്ട്’
ഭിന്ന ലൈംഗികത മലയാള കഥയുടെ ഭാവുകത്വ പരിസരത്തു പൂത്തുലയുന്നതിനും എത്രയോ മുൻപ് അതിന്‍റെ സാമൂഹികവും വൈയക്തികവുമായ രാഷ്ട്രീയം പ്ലാത്തോട്ടത്തിന്‍റെ ‘ലെസ്ബിയൻ ഹസ്ബന്റ്’ ചർച്ച ചെയ്തു. ഒന്നിലേറെ കഥകളിലൂടെ പ്രമോദ് രാമനും മറ്റും വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുള്ള സ്വവർഗ പ്രണയ സംഘർഷങ്ങൾ പിൽക്കാലത്തു മലയാള കഥാസാഹിത്യത്തിലും ആക്ടിവിസ്റ്റ് ഇടങ്ങളിലും ആശയ സംവാദങ്ങൾക്ക് നിമിത്തമായി. എന്നാൽ ‘ലെസ്ബിയൻ ഹസ്ബന്റ്’ന്റെ കഥാഗാത്രം തന്നെ സംവാദത്തിന്റേതായിരുന്നു. കാലം തെറ്റി പിറന്ന ആ ശിശുവിനെ ആരും തിരിച്ചറിഞ്ഞില്ല.

അടുത്ത കാലത്ത് മലയാള ചെറുകഥകളിലും നോവലുകളിലും സോഷ്യൽ മീഡിയയിലും ഇടം പിടിച്ച വിഷയ പരിസരങ്ങളിൽ കാലത്തിനു മുമ്പേ സഞ്ചരിച്ചെത്തിയതിനാൽ അന്നൊന്നും പ്ലാത്തോട്ടം കഥകൾ അർഹിക്കുന്ന വിധം പരിഗണിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.” ആധുനികതയേയും പെണ്ണെഴുത്തിനേയും പെണ്ണിടങ്ങളേയും ആണിടങ്ങളേയും ഒരു റഫറിയുടെ മിടുക്കോടെ നിന്ന് ആഖ്യാനം ചെയ്യുന്ന കഥയാണ് ‘പെൺപാദങ്ങളുടെ ഭാവുകത്വ പ്രസക്തി’. ‘സ്ത്രീയുടെ അധികമാനങ്ങൾ’, ‘പൊടിമോളുടെ രഹസ്യ ജീവിതം’, ‘നിർവേദം’ എന്നീ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ വ്യത്യസ്തമായ ദർപ്പണങ്ങളിലൂടെയും വഴിച്ചാലുകളിലൂടെയും വിവിധ പാർശ്വങ്ങളിലൂടെയും സ്ത്രീയെ കാണുവാനും അറിയുവാനും വ്യാഖ്യാനിക്കുവാനും കഥാകാരനാകുന്നു.

ആണും പെണ്ണും വീടും തൊടിയും ക്ഷുദ്ര ജീവികളും മോഹൻലാലും കൊച്ചിൻ ഹനീഫയും വൃദ്ധരും ദൈവവുമെല്ലാം കഥാപാത്രങ്ങളായി കയറിയിറങ്ങുന്ന ഇരുപത്തിയെട്ട് കഥകളുടെ സമാഹാരമാണ് ‘സ്വപ്നാടനത്തിന്‍റെ സ്വകാര്യ സാധ്യതകൾ’ .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ