അടുത്തുള്ളപ്പോഴല്ല അകലെയാവുമ്പോഴാണ് അമ്മയെ കൂടുതല്‍ സ്നേഹിക്കുന്നത്. അങ്ങനെ ദൂരയാത്രകളിലെ ഏകാന്ത രാത്രികളില്‍ അമ്മ തന്റെ ഉറക്കത്തിന് കൂട്ടിരിക്കുന്നതായി സങ്കല്‍പ്പിക്കും. ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന ആ വാക്കാണ് എനിക്കമ്മ. തമ്മില്‍ കാണുമ്പോള്‍ സ്നേഹത്തോടെ മിണ്ടുകയോ നോക്കുകയോ ചെയ്യാറില്ല ഞങ്ങള്‍. അങ്ങനെ ഒരു ശീലമില്ല.
ഇക്കഴിഞ്ഞ ആഴ്ചകള്‍ യാത്ര തന്നെയായിരുന്നു. വീട്ടില്‍ നിന്ന് കുറേ ദിവസങ്ങള്‍ മാറി നില്‍ക്കേണ്ടി വന്നു. അനിയനോട് ഞാന്‍ ഫോണില്‍ പറഞ്ഞു, ”അമ്മയെ കണ്ടിട്ട് കുറച്ചുനാളായി. പാവം എനിക്കൊന്നു കാണാന്‍ തോന്നുന്നു.”
അവന്റെ മറുപടി പെട്ടെന്നായിരുന്നു.
”നേരിട്ടു കാണുമ്പോള്‍ അതു വേണ്ടായിരുന്നൂന്ന് തോന്നും.”
ഞങ്ങള്‍ രണ്ടാളും ചിരിച്ചു.
സത്യമാണ്. ഒന്നു പറഞ്ഞ് രണ്ട് പറഞ്ഞ് അമ്മയുമായുള്ള വര്‍ത്തമാനങ്ങളൊക്കെ വഴക്കില്‍ അവസാനിക്കാറാണ് പതിവ്.
സിനിമകളില്‍ കാണുന്ന പോലെ വാത്സല്യനിധിയായ അമ്മയല്ല. ഈ അമ്മ.
കടലാഴം ഉള്ളിലുണ്ടെങ്കിലും അതു പ്രകടിപ്പിക്കുന്ന ആളായിരുന്നില്ല അച്ഛമ്മയും. പക്ഷേ ആ ആഴം ചില നോട്ടങ്ങളിലും ഭാവങ്ങളിലും ഞങ്ങള്‍ കുട്ടികള്‍ക്ക് തിരിച്ചു കിട്ടുമായിരുന്നു.
അച്ഛമ്മയുടെ സ്നേഹവാത്സല്യങ്ങള്‍ ഒരു വന്മരത്തണലായിരുന്നു. അമ്മ ഇലകൊഴിഞ്ഞ ഒരു വേനല്‍ മരവും. ഒരു പരിധി വരെ അച്ഛമ്മയായിരുന്നു കുട്ടിക്കാലത്തെ മാതൃഭാവം. അമ്മ ഊട്ടി വളര്‍ത്താത്ത മക്കള്‍ക്ക് മുത്തശ്ശിമാരാണ് പലപ്പോഴും അമ്മമാര്‍. ആ മുലകളില്‍ നിന്ന് പാല് ചുരന്നില്ലെങ്കിലും പലപ്പോഴും ഞങ്ങള്‍ അത് ചപ്പിക്കുടിക്കും. ഒരിക്കലും അത്തരം സ്വാതന്ത്ര്യങ്ങളൊന്നും അമ്മ, ഞങ്ങള്ക്കനുവദിച്ചിരുന്നില്ല.

ദാമോദരന്റെ അമ്മ ചെറുപ്പകാലത്ത്. ചിത്രത്തിൽ ഇടത്തുനിന്നും രണ്ടാമത്
അമ്മയുടെ ഉള്ളില്‍ കടലു പോയിട്ട് സ്നേഹത്തിന്റെ ഉറവയുണ്ടോ എന്നു സംശയിച്ചുപോയ സന്ദര്‍ഭങ്ങളുണ്ട്. ഒരുപക്ഷേ ജീവിതത്തിന്റെ തണലില്ലാത്ത വഴികള്‍ താണ്ടി അവര്‍ കരുവാളിച്ചു പോയതാവാം. അമ്മയില്‍ നിന്ന് സ്നേഹത്തിന്റെ ഉറവ പൊട്ടാന്‍, ഇറ്റെങ്കിലും ഒരു തുള്ളി അമ്മയ്ക്ക് കിട്ടിയിട്ടു വേണ്ടേ? അച്ഛനും ഞാനുമൊക്കെ ഒന്നും അങ്ങോട്ടുകൊടുത്തിട്ടില്ല. പിന്നെ അമ്മ എങ്ങനെ എവിടെ നിന്ന്, എന്തെങ്കിലും എടുത്തു തരാന്‍?
ഒരു ദിവസം അച്ഛമ്മയുടെ ഭംഗിയുള്ള മൂന്നുകാലുള്ള ഒരു വെറ്റില കിണ്ണം, വഴക്കിട്ടപ്പോള്‍ ഞാനെടുത്തെറിഞ്ഞു. ഒരു വശം ചളുങ്ങി അതിന്റെ.
അന്നാദ്യമായി അച്ഛമ്മയുടെ കണ്ണു നിറയുന്നത് കണ്ടു. അവര്‍ക്കത് അമ്മായിയച്ഛന് സമ്മാനം കൊടുത്തതായിരുന്നത്രേ. സ്വര്‍ണ്ണനിറമുള്ള ഭംഗിയുള്ള ആ പാത്രമാണ് എന്റെ വിവരക്കേടില്‍ ചളുങ്ങിയത്. അച്ഛമ്മ യാത്ര പറഞ്ഞുപോയിട്ട് ഒരു വ്യാഴവട്ടമായിട്ടും ആ ചളുക്ക് എന്റെ മനസ്സില്‍ നിന്നു പോയില്ല.
ആ ഓര്‍മ്മയുള്ളതുകൊണ്ട് ഇനിയൊരിക്കലും ആരോടും അങ്ങനെ പെരുമാറരുത് എന്നു വിചാരിക്കും. പക്ഷെ അമ്മയുടെ അടുത്ത് പലപ്പോഴും ആ പ്രതിജ്ഞയൊക്കെ പാഴാവും.
ദുരഭിമാനത്തിന്റെ കഴുക്കോലും ദുര്വാശിയാല് മെടഞ്ഞ ഓലക്കീറുകളും ചേര്‍ത്ത് കായല്ച്ചൂരുള്ള ഈര്‍പ്പം നിറഞ്ഞ ഏഴുപുന്നയിലെ പാടത്തിനരികില്‍ ഒരു കൂര കുത്തി, അവിടെ കുടിയേറിയ അമ്മയുടെ ജീവിതത്തിന് മണ്ണെണ്ണ വിളക്കിന്റെ പ്രകാശമാണ് കൂട്ടുണ്ടായിരുന്നത്. ആള്‍പ്പാര്‍പ്പു കുറഞ്ഞ പ്രദേശത്ത് ആ വീടിന്റെ കൂര്‍ക്കം വലി ഒരല്‍പ്പം ഒച്ച പൊങ്ങി കേട്ടു.
നാട്ടുകാരുടെ മുന്നിലും പേരിനു പിന്നിലും ‘മുതലാളി’ ആയിരുന്ന അച്ഛന് ജീവിത പ്രാരാബ്ധങ്ങളുടെ കേവു വള്ളത്തില്‍ നിന്ന് ദാരിദ്ര്യം മാത്രമേ ബാക്കി വയ്ക്കാനുണ്ടായിരുന്നുള്ളൂ. ആറു മക്കളില്‍ രണ്ടാളെ മാത്രം ബാക്കി വച്ച് കാലം കളിയില്‍ ജയിച്ചു. ഒന്നരവയസ്സുകാലത്തില് പനി ബാധിച്ച് എന്റെ അനുജത്തി മരിച്ചുപോയതറിയാതെ അവളെ തോളിലിട്ട് വല്യത്തോടുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കുമുന്നില്‍ അമ്മ വിളറി നിന്നു. പനിച്ചൂടില്‍ നിന്നു മരണത്തിന്റെ തണുപ്പിനു വിട്ടുകൊടുക്കാതെ ആ ശരീരം അമ്മയുടെ ശരീരത്തില്‍ ഒട്ടിക്കിടന്നു. അനിയത്തിയുടെ നഷ്ടം എന്റെയും അമ്മയുടേയും സ്വകാര്യ ദുഃഖമായിരുന്നു. ഒരുമിച്ചിരിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളില്‍ ഞങ്ങള്‍ സ്വയം നഷ്ടപ്പെട്ടത് അവളുടെ ഓര്‍മ്മകളുടെ കൊഞ്ചല് കിലുക്കങ്ങളിലേക്കായിരുന്നു. പൂതലിച്ച പഴമ്പായുടെ ഇത്തിരിക്കീറില് കിടന്ന് പല്ലില്ലാ മോണ കാട്ടി ചിരിച്ച ആ കുഞ്ഞുമുഖം ഞങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്നു നിന്നു.
പണ്ടത്തെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയിലും, കല്യാണ ഫോട്ടോയിലും സുന്ദരിയായിരുന്ന എന്റെ അമ്മ, പ്രായമേറിയതുകൊണ്ടല്ല ജീവിതത്തിന്റെ കയ്പ്പു കുടിച്ചാണ് ഇത്രയും പരുക്കന്‍ മുഖമുള്ള സ്നേഹം വറ്റിയ കണ്ണുകളുള്ള ഒരു വൃദ്ധയായി മാറിയത് എന്നാണെന്റെ വിശ്വാസം.
ലോലമായ മാതൃഭാവത്തിന്റെ കാരുണ്യം അസുഖക്കിടക്കയില്‍ കിടന്നാണ് ഞാന്‍ ആകെ അനുഭവിച്ചിട്ടുള്ളത്. ചിക്കന്‍പോക്സ് പിടിപെട്ട് ആരും അടുത്തുവരാന്‍ മടിക്കുന്ന ഏകാന്ത രാത്രികളില്‍ എനിക്ക് കാവലിരുന്ന്… മകനേ … മകനേ എന്നുരുവിട്ടുകൊണ്ടിരുന്ന അമ്മ.
ഇല്ലായ്മയുടെ കലവറ മാത്രം കണ്ടു ശീലിച്ചതുകൊണ്ടാവാം ജീവിതത്തില്‍ പിന്നെ സൗകര്യങ്ങള്‍ കടന്നുവന്നപ്പോഴും നിസംഗഭാവത്തില്‍ അതിനു പുറംതിരിഞ്ഞുനിന്നു അമ്മ. അത് അസംതൃപ്തിയായി ഞങ്ങള്‍ മക്കള്‍ വായിച്ചെടുത്തു. ഒന്നിലും തൃപ്തയാവാതിരുന്ന മൂടിക്കെട്ടിയ ആകാശം പോലെ കനത്തുനിന്ന അമ്മ. മക്കളും മക്കളുടെ മക്കളുമായി സ്വസ്ഥമായി കഴിയാനിടവന്ന നല്ലകാലത്തിന് നന്ദി പറയാതെ ഈ സഞ്ചാരത്തില്‍ നിരാശതയുടെ ഭാണ്ഡം മാത്രം എന്തുകൊണ്ടാണ് അമ്മ പേറി നടക്കുന്നതെന്ന് ഞങ്ങള്‍ പലവുരു ചോദിച്ചു.
ചിലര്‍ അങ്ങനെയാണ്. തങ്ങളുടെ ദുഃഖത്തിന്റെ ഓലക്കീറിനു കീഴേ ആശ്വാസം കണ്ടെത്തുന്നവര്‍.
അമ്മയുടെ കയ്യില്‍ നിന്ന് ഒരുറുള ചോറ് കിട്ടിയിട്ട് നാളേറെയായി. ഈ നാല്‍പ്പത്തിനാലാം വയസ്സില്‍ എന്തിനാവാം അങ്ങനെയൊരാഗ്രഹം?
പക്ഷെ മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞുമാത്രം നടക്കാറുള്ള അമ്മ, ലേക്ഷോറിലെ ഒരസുഖകാലത്ത്, അതെല്ലാം ഊരി ആശുപത്രി ഉടുപ്പുമാത്രമിട്ട് അര്‍ദ്ധബോധത്തില്‍ എന്റെ മേല്‍ പാതി ചാരി ഇരുന്നപ്പോള്‍.
അപ്പോള്‍ മാത്രമാണ് ഞാന്‍ അമ്മയെ നന്നായി ശ്രദ്ധിച്ചത്. സ്വതവേ ഇരുണ്ട നിറമുള്ള എന്റെ അമ്മ കറുത്ത് കരുവാളിച്ച്… കരിങ്കല്ലില്‍ കൊത്തിവച്ച ദൈന്യതയാര്‍ന്ന ഒരു വിഗ്രഹമായി മാറിയിരിക്കുന്നു.

ദാമോദരന്റെ അച്ഛനും അമ്മയും
എന്റെ കണ്ണീരുപ്പു കലര്‍ന്ന കഞ്ഞി സ്പൂണില്‍ കോരി ഊട്ടിയ ആ രംഗം എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍ പതിഞ്ഞുപോയിരിക്കുന്നു.
അതിനുമുന്പും അതിനുശേഷവും ഞാന്‍ അമ്മയെ ഊട്ടിയിട്ടില്ല.
തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ കണക്കു പറയുമ്പോള്‍ വേണ്ടതിനും വേണ്ടാത്തതിനും അമ്മയുടെ മെക്കിട്ടു കേറുമ്പോള്‍, ആരോടും പറയാത്ത പരുക്കന്‍ വാക്കുകള്‍ കൊണ്ടവരെ മുറിവേല്പ്പിക്കുമ്പോള് ഒക്കെയും തോന്നാതിരിക്കുന്ന കുറ്റബോധം ഒറ്റയ്ക്കാവുമ്പോള്‍ തികട്ടിവരും. അന്നേരം, സ്വയം ആശ്വസിക്കാന്‍ വേണ്ടി തന്നത്താനെ പറയും. അമ്മയോടല്ലേ, എന്റെ അമ്മയോടു മാത്രമല്ലേ എനിക്കങ്ങനെ പറയാനും പ്രവര്‍ത്തിക്കാനും പറ്റൂ. അല്ലാതെ ഈ ലോകത്ത് ഞാനാകുന്ന ഈ കുഞ്ഞു ചെടിക്ക് മറ്റേതു ബന്ധമാണ് സ്ഥായിയായിട്ടുള്ളത്. അന്ന് വേദനിക്കാതെ മുറിച്ചുമാറ്റിയ ആ ചരട് അദൃശ്യമായി നമുക്കിടയിലുണ്ട്.

ദാമോദരന്റെ അമ്മ വൽസല കുമാരി. ചിത്രം: അരുൺ ഭാവന
അന്നൊരിക്കൽ ആ ഗർഭപാത്രത്തിൽ കിളിർത്ത്, ഇപ്പോഴിത്രത്തോളം മൂപ്പും പാകവും വച്ച് “ഞാൻ” ആയിത്തീർന്ന ഈ ജന്മത്തിന്റെ മുഴുവൻ അവകാശിയും എന്നോർത്ത് കണ്ണു നിറയും. ആ നിറവ് .. അതു മാത്രമേയുള്ളു പകരം കൊടുക്കാൻ…
കൊച്ചി എഫ് എമ്മിലെ താത്ക്കാലിക അനൗൺസറും ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടനുമാണ് ലേഖകൻ
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ