അറുപതുകള്‍, എഴുപതുകള്‍, അത്രയും പോരാ, ഏതാണ്ട് എണ്‍പതുകളുടെ പകുതി വരെ കേരളത്തിന്റെ മുഖ്യ കായിക വിനോദം കാല്‍പ്പന്തുകളിതന്നെയായിരുന്നു. ഒറ്റപ്പെട്ട ചില മേഖലകളില്‍ വോളിബോളും, ബാസ്‌ക്കറ്റ് ബോളും കണ്ടെന്നിരിക്കും.

കാലുനിലത്തുറപ്പിക്കാന്‍ പ്രായമാകുമ്പോഴേക്കും കാല്‍പ്പന്തുകളി തുടങ്ങിയിരിക്കും. ചെറിയ റബര്‍പന്ത്, കുറച്ചുകൂടി വലിയത്, പിന്നെ ഐഷേപ്പ് ഫുട്‌ബോളിലേക്കുള്ള കുതിപ്പ്…

നാടുനിറയെ കൊച്ചുകൊച്ചു ക്ലബുകളും കൊച്ചുകൊച്ചു ഫുട്‌ബോള്‍ മേളകളും അവര്‍ സംഘടിപ്പിക്കുന്ന ഫൈയ്‌വ്‌സും സെവന്‍സും ഇലവൻസും, ആരവം നിറയുന്ന നാട്ടിന്‍പുറങ്ങളും, ധാരാളം വെളിമ്പ്രദേശങ്ങളും, പാഠപുസ്തകങ്ങള്‍ പോലും കൂട്ടിവച്ചുണ്ടാക്കുന്ന ഗോള്‍ പോസ്റ്റുകളും, കേരളത്തിലെ ഫുട്‌ബോള്‍ മാമാങ്കങ്ങളുടെ ഈറ്റില്ലമായിരുന്ന പറമ്പുകളും, പാടങ്ങളും നിറഞ്ഞ കാലഘട്ടം. ആ കാലഘട്ടത്തില്‍ പന്തുതട്ടി കളിച്ചവരാണ് ഞാനും കര്‍മ്മചന്ദ്രനുമൊക്കെ. പുതിയ തലമുറയ്ക്ക് അറിയാന്‍ ഒരു തരത്തിലും പറ്റാത്ത കാല്‍പ്പന്തുകളി ചരിത്രം.

‘ഐ’ഷേപ്പ് മാറി, ‘ടീ’ഷേപ്പും, പിന്നെ ‘ഓ’ഷേപ്പുമായി ഫുട്‌ബോള്‍ മാറിയപ്പോഴും കാറ്റടിച്ചു റബര്‍ ബാന്റിട്ട് തുന്നിച്ചേര്‍ക്കേണ്ട വിധത്തിലുള്ള ഫുട്‌ബോളായിരുന്നു നാടെങ്ങും. മുട്ടയുടെ വെള്ള പുരട്ടി നൂലുള്ള ഇടങ്ങളില്‍ ഗ്രീസുപുരട്ടി പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഫുട്‌ബോളുകള്‍… കീറിപ്പിഞ്ഞി നശിക്കുന്നവരെ ലെതറും ഒട്ടിച്ച് ഒരുപരുവമായ ബ്ലാഡറും… ഒരു നല്ല ഫുട്‌ബോള്‍ വാങ്ങുകയെന്നത് ബാലികേറാമലയും… അതൊരു കാല്‍പ്പന്തുകാലം.

fifa under 17 world cup, kerala foot balla, cicc jayachandran, vishnu ram,

എഴുപതുകളില്‍ നെക്കില്ലാത്ത പന്തുകള്‍ വന്നുതുടങ്ങി. അപ്പോഴും ഫുട്‌ബോള്‍ ബൂട്ടുകള്‍ അപൂര്‍വം. ആംഗിള്‍ ക്യാപ്പും, നീക്യാപ്പും അന്നുതന്നെ സാമ്പത്തികശേഷിയുള്ളവന്റെ വീട്ടിലെ കുട്ടികള്‍ക്കുമാത്രം.

കളിയില്‍ അത്രയൊന്നും കേമനല്ലാത്തവന്‍ ഗോളി, പൊക്കമുള്ളവന്‍ ബാക്ക്, ചെറുചലനങ്ങളിലൂടെ കറക്കിക്കറക്കി ഗോളടിക്കുന്നവന്‍ ഫോര്‍വേര്‍ഡ്-അവനാണ് ഹീറോ, ക്ലബ്ബിന്റെയും സ്‌കൂളിന്റെയും നാടിന്റെയും… ഇടതുകാലിനും, വലതു കാലിനും ഒരുപോലെ പന്ത് അടിച്ച് ഗോളാക്കുന്നവന്‍ ചക്രവര്‍ത്തി… മെസ്സിയും, നെയ്മറും റൊണാള്‍ഡോയും ഒക്കെ ഒന്നായി ചേര്‍ത്താലും അത്രയ്ക്ക് പകിട്ടുവരില്ല.

എഴുപതുകളില്‍ മേജര്‍ ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നതിനു മുമ്പ്, ഫ്രീകിക്ക് ബാക്കില്‍ നിന്നടിച്ച് ഗോളാക്കുന്നവനും, ത്രോ ചെയ്ത് ഗോളാക്കുന്നവനും, ഒക്കെ വലിയ ഡിമാന്റായിരുന്നു. ശാസ്ത്രീയമായ ഫുട്‌ബോള്‍ അറിയാത്തവരായിരുന്നു റഫറിയും, കോച്ചുമൊക്കെ. മൈതാനത്ത് ഹാജരാകുന്നവരെ വിളിച്ചെടുത്ത് ടീം ആക്കി നടത്തപ്പെടുന്ന മത്സരങ്ങള്‍. നെഹ്‌റു ട്രോഫിയും, സേഠ്‌നാഗ്ജിയും ചാക്കോളാസ് സ്വര്‍ണകപ്പുമൊക്കെ വന്നതോടെ കളിയുടെ ഗതിയും മാറി. നേരിട്ടു കളി കാണാന്‍ പറ്റാത്തവര്‍ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്ന വാര്‍ത്തകളിലൂടെയും ആകാശവാണിയുടെ ദൃക്‌സാക്ഷി വിവരണങ്ങളിലൂടെയും മറ്റും ഇന്ത്യന്‍ ഫുട്‌ബോളിനെ അറിഞ്ഞുതുടങ്ങി.

എറണാകുളത്തെ നെഹ്‌റു ട്രോഫി മത്സരങ്ങള്‍ ടിക്കറ്റ് എടുത്ത് കാണുന്ന ആയിരക്കണക്കിനു കാണികള്‍- അവരുടെ ഫുട്‌ബോള്‍ ദൈവങ്ങളായ രഞ്ജിത്ത് താപ്പ, ഇന്ദര്‍ സിംഗ്, തരുണ്‍ ഡേ എന്നീ കളിക്കാര്‍. ഡെംപോ, വാസ്‌ക്കോ, സേസാ ഗോവ, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍, കൂടാതെ പട്ടാള ടീമുകള്‍, പിന്നെ കേരളത്തിന്റെ അഭിമാന ടീമുകള്‍ ആയിരുന്ന പ്രീമിയര്‍ ടയേഴ്‌സ്, കസ്റ്റംസ്, ടൈറ്റാനിയം എന്നിവ.

അപ്പോഴേയ്ക്കും കാല്‍പ്പന്തുകളിക്ക് മാറ്റങ്ങള്‍ വന്നുതുടങ്ങി. ശാരീരിക കരുത്തിനൊപ്പം തന്ത്രങ്ങളും, തലച്ചോറും കളിയുടെ ഭാഗമായി. സ്‌കൂളുകളില്‍ നല്ല ടീമുകള്‍ ഉണ്ടായിത്തുടങ്ങി. വലിയ മാര്‍ക്കില്ലെങ്കിലും സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ കോളേജില്‍ ചേരാമെന്നായി. കോളേജ് ടീമില്‍ നിന്ന്, യൂണിവേഴ്‌സിറ്റി ടീമുകളിലേക്കും അവിടെനിന്ന് നല്ല ക്ലബുകളിലേക്കും തുടര്‍ന്ന് ഫുട്‌ബോള്‍ ടീമുകളുള്ള കമ്പനികളിലേക്കും, മറ്റ് തൊഴില്‍ സ്ഥാപനങ്ങളിലേക്കും… ഫുട്‌ബോള്‍ കളിക്കാരന് അല്പമൊക്കെ അംഗീകാരവും ജോലിയും പിന്നെ ചെല്ലുന്നിടത്തെല്ലാം ആരാധകരും.

എഴുപതുകളുടെ മധ്യത്തില്‍ കേരളാ ടീം സന്തോഷ് ട്രോഫി നേടിയതോടെ ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം പരമകാഷ്ടയിലെത്തി.

fifa under 17world cup, kerala foot ball, fifia, sevens, fives, cicc jayachandran, vishnu ram,

ഫ്‌ളാറ്റ് സംസ്‌കാരം കേരളീയ ജീവിതത്തെ പിടിമുറുക്കിയപ്പോള്‍ വെളിന്പറമ്പുകള്‍ അപ്രത്യക്ഷമായി തുടങ്ങി. പാടങ്ങള്‍ മുഴുവന്‍ കെട്ടിടങ്ങളായി. പന്തു തട്ടാന്‍ ഇടമില്ലാതെ കുട്ടികള്‍ അത് ക്രമേണ മറന്നു. അതെ പന്തുകളിയില്‍ നിന്ന് മലയാളി ക്രിക്കറ്റിലേക്ക് കൂപ്പുകുത്തി. ടൂര്‍ണമെന്റുകള്‍ ഇല്ലാതെയായി. അല്പം ഭേദം പൊലീസ് ടീമും, വിജയനും, പാപ്പച്ചനും: പൊടുന്നനെ അതും ഇല്ലാതായി. എഞ്ചിനീയറും, ഡോക്ടറുമാക്കാതെ മക്കളെ വിടില്ലെന്ന വാശികാട്ടുന്ന മാതാപിതാക്കള്‍ക്ക് എന്ത് കാല്‍പ്പന്തുകളി. ടിവിയില്‍ കാണുന്ന ലോകകപ്പില്‍ മാത്രം മലയാളി ഫുട്‌ബോളിനെ ഓര്‍ത്തു. കഴിഞ്ഞ ഇരുപത്തി രണ്ടുകൊല്ലമായി അതായിരുന്നു സ്ഥിതി.

മൂന്നുവര്‍ഷം മുമ്പ് വീണ്ടും മാറ്റം വന്നും. വന്‍കിട കോര്‍പ്പറേറ്റുകള്‍ ഫുട്‌ബോള്‍ നല്ല കച്ചവടമാണെന്ന് തിരിച്ചറിഞ്ഞു. ഐ.എസ്.എല്‍. മാതാനങ്ങളില്‍ ആരവമായി മാറി. അതിന്റെ അലയൊലി പതുക്കെപ്പതുക്കെ ജനങ്ങളിലേക്ക്. കളിക്കാര്‍ക്ക് ലേലം വിളിയില്‍ നല്ല തുക കിട്ടിത്തുടങ്ങി. മലയാളിയുടെ മനസ്സില്‍ വീണ്ടും ഫുട്‌ബോള്‍ വസന്തം വിരിയുന്നു… കാണം വിറ്റും കളികാണുന്ന മലയാളി ഇപ്പോള്‍ കോര്‍പ്പറേറ്റ് കച്ചവടക്കാര്‍ക്ക് ചാകരയാണ്. ദേ ഇപ്പോള്‍ അണ്ടര്‍ സെവന്റീന്‍ ലോകകപ്പിനും കേരളം വേദിയാകുന്നു.


ഡോ.കെഎം കര്‍മ്മചന്ദ്രന്‍ എഴുതിയ ‘എങ്ങിനെ നല്ല ഫുട്‌ബോള്‍ കളിക്കാരനാകാം’ എന്ന പുസ്തകത്തിനായി സി.ഐ.സി.സി. ജയചന്ദ്രന്‍ എഴുതിയ അവതാരിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ