വെളളി

അതൊരു ദുഃഖവെളളിയാഴ്ചയായിരുന്നു. കുരിശിന്റെ വഴി കഴിഞ്ഞ് ഞങ്ങളെല്ലാം കൂടി ഗ്രൗണ്ടിൽ ഒത്തുകൂടിയ സമയം. ബൈക്കിലെത്തിയ സുഹൃത്തുക്കളിലൊരാൾ ഈസ്റ്റർ വരുവല്ലേ, ആഘോഷിക്കണ്ടേ എന്ന് അന്വേഷിച്ചു. അപ്പോൾ ജീവിതത്തെക്കുറിച്ച് വലിയ ദാഞ്ഞശനികമായിട്ടൊന്നും ചിന്തിക്കാനറിയാത്ത, സാഹിത്യമൊന്നും വായിക്കാത്ത എന്റെ സ്നേഹിതൻ മറുപടി പറഞ്ഞു:” ജീസസ് ക്രൈസ്റ്റിന് ഈസ്റ്ററൊണ്ട്. നമ്മക്ക് പക്ഷേ, ഈസ്റ്ററില്ല, കുരിശ് മാത്രേ ഒളളൂ.”

ആദ്യത്തെ ചിരിക്കുശേഷം ആലോചിച്ചുനോക്കിയപ്പോൾ ശരിയാണ്, ജീവിതത്തിന്റെ മുക്കാൽപ്പങ്കും കുരിശു ചുമക്കുകയാണ്. അപൂർവ്വം കുറച്ചുകാലം, കുറച്ചുനിമിഷങ്ങൾ, ചില ഓർമ്മകൾ, ചില ചിരികൾ, ചുംബനങ്ങൾ, സായാഹ്നനടത്തങ്ങൾ, കൂരിരുട്ടിൽ തെളിഞ്ഞു കിടക്കുന്ന ഒറ്റനക്ഷത്രം, തീവണ്ടി ജനാലയിലൂടെ മിന്നായം പോലെ കാണുന്ന റാന്തൽവെട്ടം, ഡിസംബറിലെ മഞ്ഞുറഞ്ഞൊരു പ്രഭാതം, പച്ച വയൽപരപ്പിനു മീതേയ്ക്ക് ഇണമുറിയാതെ വന്നുവീഴുന്ന മൺസൂൺ മഴ, തിരക്കുളള വഴിയിലൂടെ നടന്നുപോകുമ്പോൾ തീർത്തും അപ്രതീക്ഷിതമായി ചെവിയിലെത്തുന്നൊരു പിൻവിളി; ജീവിതത്തിൽ ഉയിർപ്പിക്കപ്പെടുന്നത് എപ്പോഴൊക്കെയാണെന്ന് വെറുതെ എണ്ണി, ദൈവമേ, അധികമില്ലല്ലോ.

ഞായർ

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം. കീഴ്‌പ്പളളിയിലെ ചാവറയച്ചന്റെ ദേവാലയത്തിലാണ് ഈസ്റ്റർ ദിവസം കുർബാന കൂടാൻ പോയത്. പാതിരാക്കുർബാനയ്ക്കു പോകുന്ന പതിവില്ല. അതുകൊണ്ട് രാവിലെയാണ് പളളിയിലെത്തുക. വെളുപ്പാൻകാലത്ത് പാതിയുറക്കത്തിൽ പളളിയിൽ നിന്നു. കുർബാനയ്ക്കൊടുവിൽ എല്ലാവരും അച്ചനടുത്തേയ്ക്കു വരിവരിയായി നടക്കാൻ തുടങ്ങി. എന്തിനാണെന്ന് എനിക്കാദ്യം മനസ്സിലായുമില്ല. പളളിയിൽ വച്ച് വർത്തമാനം പറയുന്നതിന് എന്നെ സ്ഥിരമായി പിടികൂടന്ന അച്ചനും സിസ്റ്റേഴ്സുമാണ് അതുകൊണ്ട് ആരോടും ചോദിക്കാൻ നിൽക്കാതെ ക്യൂവിൽ കയറി. എല്ലാവരും എന്തോ വാങ്ങി പോവുകയാണ്. എന്റെ ഊഴമെത്തി. കൈ നീട്ടി, ഒരു മുട്ട. അതിൽ പല നിറങ്ങൾ കൊണ്ട് ഹാപ്പി ഈസ്റ്റർ എന്നെഴുതിയിട്ടുണ്ട്. സി ബി എസ് സി ക്കാരനായ കൂട്ടുകാരൻ പുറത്തുവെച്ചു പറഞ്ഞു- ഇതാടാ ഈസ്റ്റർ എഗ്.
abin joseph, writer, malayalam, kalyassery thesis

ഇടം കൈയിൽ ഒതുക്കിപ്പിടിച്ച മുട്ടയിലേയ്ക്ക് ഞാൻ നോക്കി. കാണാനൊക്കെയൊരു രസമുണ്ട്. എഴുത്ത് ചെറുതായി മാഞ്ഞുപോയത് പോലെ. ഞാനത് കീശയിലിട്ടു. പിന്നെ കൂട്ടുകാരുടെ കൂടെ തലേന്ന് കണ്ട സിനിമയെപ്പറ്റി, വൈകുന്നേരത്തെ ക്രിക്കറ്റ് കളിയെപ്പറ്റി, വീട്ടിലുണ്ടാക്കാൻ പോകുന്ന ബീഫ് കറിയെക്കുറിച്ച് നീണ്ട സംസാരങ്ങൾ. അവധിക്കാലം തീരുന്നതിന് മുന്പ് ഒരു ദിവസം ആറളം ഫാമിൽ കയറണമെന്നും കൊക്കോ പറിച്ചു തിന്നണമെന്നും (അന്ന് ഞാനത് കഴിച്ചിട്ടുണ്ടായിരുന്നില്ല) നേരത്തെയിട്ടിരുന്ന പദ്ധതിമേൽ ഒരുവട്ടം കൂടി ഗൂഢാലോചന നടത്തി. പളളിയിൽ നിന്ന് മെയിൻ റോഡു വരെയുളള വഴിയിലൂടെ ചെറിയൊരു ഓട്ടമത്സരത്തിലേർപ്പെട്ടു. പിന്നെ, വിയർത്തൊഴുകുന്ന നെറ്റിയുമായി വീട്ടിലേയ്ക്ക് നടന്നു. മുറിയിൽ കയറി കഴിഞ്ഞാണ്, കീശ തപ്പിയത്. അവിടെയുണ്ടായിരുന്നില്ല, എന്റെ ഈസ്റ്റർ എഗ്. അതിനുശേഷം ഞാനിന്നുവരെ ഒരു ഈസ്റ്റർ എഗുപോലും കണ്ടിട്ടില്ല.

ശനി

മുടി ബോയ് കട്ട് ചെയ്ത പെൺകുട്ടികളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നുമുതലാണ് എന്ന് ഓർമ്മയില്ല. ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്തെ ഒരു ഈസ്റ്റർ തലേന്ന്, പളളിയിൽ അല്ലറ ചില്ലറ അലങ്കാരപ്പണിക്കളൊക്കെ നടക്കുന്നുണ്ട്. അതൊക്കെ കാണാനും കൂട്ടുകാരോടു വർത്തമാനം പറയാനുമാണ് ചെന്നത്. പളളിക്കു മുന്നിൽ വലിയൊരു തിണ്ടാണ്. താഴെ പാടങ്ങൾ. മുറ്റത്തെ കൊടിമരച്ചുവട്ടിൽ നിന്ന്, താഴത്തെ പാടപ്പച്ചയിലേയ്ക്ക് നോക്കിനിൽക്കുകയായിരുന്നു, അവൾ. മുട്ടോളമെത്തുന്ന ഒരു വെളളപ്പാവാട. ടോപ്പിന്റെ നിറമെന്താണെന്ന് കൃത്യമായിട്ട് ഓർക്കാനാവുന്നില്ല; ഒരു വ്യാഴവട്ടക്കാലം മുന്നത്തെ കാഴ്ചയല്ലേ. കഴുത്തിൽ നേർത്തൊരു ഷാൾ ഇട്ടിരുന്നു. അവൾ ബോയ് കട്ട് ചെയ്തിരുന്നു. ഞാൻ പതിയെ അടുത്ത് ചെന്നു. കാറ്റടിക്കുന്നുണ്ട്. നോട്ടം ചെന്നുവീണത് അവളുടെ പിൻകഴുത്തിലാണ്. നേർത്ത മുടിക്കുറ്റികൾ, അതിനു കുറുകെ മെലിഞ്ഞൊരു സ്വർണമാല. തൂങ്ങിക്കിടക്കുന്ന ജിമുക്കിയുടെ ചുവന്ന മുത്തുകൾ. അടുത്ത സെക്കൻഡിൽ അവളെനന്നെ തിരിഞ്ഞുനോക്കി. പെട്ടെന്നുളള നോട്ടത്തിൽ ഞാൻ പതറി. അത്രമേൽ തീവ്രമായ അപകർഷതയിലും ആത്മവിശ്വാസമില്ലായ്മയിലും ചുരുണ്ടുകൂടിക്കഴിയുന്ന കാലമായിരുന്നു അത്. അവളുടെ നോട്ടം താങ്ങാനുളള ബലം എന്റെ ഹൃദയത്തിനുണ്ടായിരുന്നില്ല. കണ്ണുകൾ തമ്മിലുടക്കിയ നിമിഷം ഞാൻ ചിരിക്കാൻ ശ്രമിച്ചിരിക്കണം. അപരിചതമായൊരു ചിരി അവൾ തിരിച്ചും തന്നിരിക്കണം. ഓർമ്മിക്കാനാവുന്നില്ല.
abin joseph, writer, malayalam, kalyassery thesis

പിറ്റേന്ന് പളളിക്കുളളിലും മുറ്റത്തും ഞാൻ തിരഞ്ഞത് അവളെ മാത്രമായിരുന്നു. കുർബാനയ്ക്കിടയിൽ പലവട്ടം പെൺകുട്ടികൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് നോട്ടമെത്തിച്ചു. ചെറിയ ഇടവകയായതിനാൽ മിക്കവരെയും അറിയാമായിരുന്നു. അവൾ വിരുന്നുവന്നതാണ്.
വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി,
കർത്താവിന്റെ കബറിടമേ സ്വസ്തി,
ഇനിയൊരു ബലിയർപ്പിക്കാൻ ഞങ്ങൾ വരുമോ, ഇല്ലയോ എന്നറിഞ്ഞുകൂട…

കൂർബാന കഴിഞ്ഞ് ആളുകൾ പുറത്തേയ്ക്കിറങ്ങി. രണ്ടുവഴികളാണ് പുറത്തേയ്ക്കു പോകാനുളളത്. രണ്ടിലും കണ്ണെത്തുന്ന വിധത്തിൽ ഒരു തെങ്ങിൻത്തോപ്പിൽ ഞാൻ നിന്നു. കണ്ണുകൾ 180 ഡിഗ്രിയിൽ ഓടിക്കളിച്ചു. ആളുകളൊഴിയുന്നതുവരെ അവളുടെ ബോയ് കട്ട് മുഖം ഞാൻ തിരഞ്ഞു. ഒടുക്കം, അൾത്താര ബാലന്മാരായ കുറച്ചുപേരും കൂടി വീട്ടിലേയ്ക്കു മടങ്ങിയതോടെ, നിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായി. അവൾ പാതിരാക്കുർബാനയ്ക്കു വന്നിരിക്കണം. രാത്രിയിൽ ​കിടന്നുറങ്ങിയതിനെയോർത്ത് എനിക്ക് സങ്കടം വന്നു. പതിയെ വീട്ടിലേയ്ക്കു നടന്നു. ഒറ്റയ്ക്ക്. പിന്നൊയൊരിക്കലും ഞാനവളെ കണ്ടിട്ടില്ല. ഉറപ്പാണ്. ഒറ്റ നിമിഷത്തിൽ മിന്നായം പോലൊരു കാഴ്ചയിൽ എനിക്കവളോട് തോന്നിയത് പ്രണയമല്ലാതെ മറ്റെന്താണ്. അന്നു തന്നെയായിരിക്കണം പ്രണയത്തിന്റെ വേദനയും ആദ്യമായിട്ടറിഞ്ഞത്. ആഴത്തിൽതന്നെ. ആ നടപ്പ്. അനുരാഗത്തിന്റെ ദുഃഖവെളളികളിലേയ്ക്കും ആത്മാവിന്റെ ഈസ്റ്ററുകളിലേയ്ക്കുമുളള പിൽക്കാല യാത്രകളുടെ തുടക്കമായിരുന്നിരിക്കണം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ