കസവനഹള്ളിയും സമീപ പ്രദേശങ്ങളും ഏതാനും വർഷങ്ങൾക്ക് മുൻപ് ഗ്രാമമായിരുന്നു. ഐ ടി കമ്പനികളും സ്ക്കൂളുകളും ചുറ്റും പെരുകി വന്നതോടെ ഫ്ളാറ്റ് സമുച്ചയങ്ങൾ കൂടി പൊങ്ങി വന്നു. കെട്ടിട പണികൾ, സെക്യൂരിറ്റി ജോലി, വീട്ടു പണികൾ തുടങ്ങിയ വിവിധ ജോലി സാധ്യതകൾ വർദ്ധിച്ച സാഹചര്യത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം ഇതര ജോലികൾക്കു വേണ്ടി വന്നു ചേർന്നവർ കൂടി ഇവിടെ കുടിയേറ്റക്കാരായി. ഫ്ലാറ്റുകളും സ്കൂളുകളും പണിയാൻ സ്വന്തം സ്ഥലം വിൽപ്പന നടത്തി   തദ്ദേശ വാസികൾ പൊടുന്നനെ സാമ്പത്തിക നില മെച്ചപ്പെടുത്തി. എങ്കിലും അവർ കുലത്തൊഴിലുകൾ ചെയ്തും ജീവിത സാഹചര്യങ്ങൾക്ക് വലിയ മാറ്റങ്ങൾ വരുത്താതെയും പഴയ രീതികളിൽ തന്നെ തുടർന്നു പോന്നു.

റോഡിന് ഇരുവശവും ഷോപ്പിങ് കോംപ്ലക്സുകളും ബ്യൂട്ടി പാർലറുകളും കേക്ക് ഷോപ്പുകളും വന്ന് പുരോഗമിച്ച് കൊണ്ടിരുന്നെങ്കിലും, എപ്പോൾ വേണമെങ്കിലും ബ്രേക്ക് ഡൗൺ ആകാൻ സാധ്യതയുള്ള 342 B എന്ന ബി എം ടി സി ബസ് ഒഴികെ മറ്റു പൊതു ഗതാഗത സംവിധാനങ്ങളൊന്നും തന്നെ ജയിൽ റോഡ് എന്നറിയപ്പെടുന്ന ഈ പാതയെ പുരോഗമിപ്പിച്ചില്ല. സ്ത്രീകളും പുരുഷൻമാരും ഇതര ലിംഗക്കാരും കുട്ടികളും ഷെയർ ഓട്ടോകളിൽ ഡ്രൈവറുടെ ഇരുവശങ്ങളിൽ ഓരോരുത്തർ വെച്ചും പിറകിൽ നാലു പേർ വെച്ചും തിങ്ങി ഞെരുങ്ങി യാത്ര ചെയ്തു പോന്നു. അനങ്ങാൻ പറ്റാത്തതു കൊണ്ട് റോഡിലെ വൻ കുഴികളും ചെറു “കുന്നുകളും” ഒന്നും യാത്രക്കാരെ ബാധിച്ചതേയില്ല.

കൈക്കോട്ടും പിക്കാസുമായി കയറുന്ന പണിക്കാർ, ഹൊസാ റോഡിലെ മാർക്കറ്റിൽ നിന്നും സബോളയും തക്കാളിയും വലിയ സഞ്ചികളിൽ വാങ്ങിച്ചു കൊണ്ട് പോവുന്ന ചെറുകിട കാന്റീൻ ഉടമകൾ, കൂടകളിൽ പൂ വാങ്ങിച്ചു കൊണ്ടു പോവുന്ന പൂക്കച്ചവടക്കാർ, നിഷ്ക്കളങ്ക കളി ചിരികളിൽ മുഴുകുന്ന സ്കൂൾ കുട്ടികൾ, മനോഹരമായി അണിഞ്ഞൊരുങ്ങി യാത്ര ചെയ്യുന്ന ട്രാൻസ് ജെൻഡേഴ്സ് എന്നിങ്ങനെ ഒരു പ്രദേശത്തിന്റെ പതിപ്പ് തന്നെ ഇതിൽ കാണാമെന്നതിനാലാവണം, ഓഫീസിലേക്കും തിരിച്ചും ഉള്ള ഷെയെർഡ് ഓട്ടോ യാത്ര എന്നെ പല ഭാവനാ ലോകങ്ങളിലും കഥ മെനയലുകളിലും കൊണ്ടെത്തിച്ചിരുന്നു.

എന്നാൽ ഈയിടെയായി എഫ് ബി പോസ്റ്റുകൾ ഇടുന്നതിലും അതിന് കിട്ടുന്ന ലൈക്കുകളിലും കമന്റുകളിലും പുതിയ സൗഹൃദ ചാറ്റുകളിലും താൽപര്യം കൂടി വന്നതു കൊണ്ട്, ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ നിഷ്‌പ്രഭമാക്കി യാത്രയിലുടനീളം ഞാൻ ഇത്തരം വിർച്ച്വൽ ലോകത്ത് വിഹരിച്ചു കൊണ്ടിരുന്നു.

അന്ന് വേഗം തന്നെ ഇരുൾ പരന്ന ഒരു മഴ ദിവസമായിരുന്നു. വൈകീട്ട് ഓഫീസിൽ നിന്നിറങ്ങാൻ പതിവിലും താമസിക്കുകയും ചെയ്തു.

” കസവനഹള്ളി ഹോഗുതാ?”
(കസവനഹള്ളി പോവുമോ)

ഹൊസാ റോഡിലെ ഒരു പാനി പൂരി വണ്ടിയുടെ ഷെൽട്ടറിൽ മഴ കൊള്ളാതെ നിന്ന് ഞാൻ അതു വഴി പോവുന്ന ഷെയേർഡ് ഓട്ടോക്കാരോടെല്ലാം വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു. ചിലർ ശ്രദ്ധിക്കാതെ പോവുകയും മറ്റു ചിലർ നിഷേധത്തിൽ തലയാട്ടി നിർത്താതെ പോവുകയും ചെയ്തു. ഒരു മഴ വന്നാൽ ഓട്ടോ കിട്ടാൻ പ്രയാസമാണ്.

വളരെ നേരം കഴിഞ്ഞതിന് ശേഷമാണ് ഒരാൾക്ക് ഇരിക്കാൻ മാത്രം സ്ഥലം ബാക്കിയുള്ള ഒരോട്ടോ മുന്നിൽ വന്നു നിന്നത്. കുറേ നേരത്തെ കാത്തു നിൽപ്പിന് അവസാനമായ സന്തോഷത്തിൽ വേഗം കയറിയിരുന്ന് മൊബൈൽ തുറന്ന് ഫേസ് ബുക്കിലും മെസ്സഞ്ചറിലും അന്ന് പകൽ വന്നതൊക്കെ ഓടിച്ചു നോക്കാൻ തുടങ്ങി. ഓട്ടോ ഇതൊന്നും ഗൗനിക്കാതെ അതിന്റെ പ്രയാണം തുടർന്നു.

കുറച്ചു സമയം കഴിഞ്ഞ് മൊബൈലിൽ നിന്ന് തല പൊക്കി നോക്കിയതാണ്. റോഡിന്റെ ഇരുവശങ്ങളും അപരിചിതം. ഇതെവിടെയാണ്?
എനിക്ക് സ്ഥലകാല വിഭ്രാന്തി വന്നുവോ? ഇതേതു വഴിയാണ്?
ഉള്ളിൽ പരിഭ്രമം പതഞ്ഞു പൊങ്ങി.

ഒരു വഴിവിളക്ക് പോലുമില്ലാത്ത റോഡിലാണുള്ളത്. മൊബൈലിൽ ശ്രദ്ധിച്ചിരുന്നതു കൊണ്ട് കൂടെയുള്ളവർ ആരാണെന്നു പോലും കയറുമ്പോൾ നോക്കിയില്ല. നിസംഗരായിരിക്കുന്ന അവരുടെ മുഖം അരണ്ട വെളിച്ചത്തിൽ അൽപ്പം മാത്രം കാണാം. സ്ത്രീകൾ ആരുമില്ല അതിൽ എന്നത് എന്നെ ഒന്നു കൂടെ വിഷമിപ്പിച്ചു.

“എല്ലി ഹോഗുതിദ്ദീര? ഇല്ലി നില്ലിസി”
( “എവിടെ പോവുന്നു? ഇവിടെ നിർത്തൂ ” )

ഭയം ഉള്ളിലൊതുക്കി ഞാൻ ഉറക്കെ ചോദിച്ചു. കൂടെയുള്ളവർ നിസംഗഭാവം തുടരുകയും ഓട്ടോ ഡ്രൈവർ കന്നഡയിൽ എന്തോ പിറുപിറുക്കുകയും ചെയ്തു. അങ്ങോട്ട് മുറി കന്നഡ പ്രയോഗങ്ങൾ നടത്താമെന്നല്ലാതെ തിരിച്ചു കിട്ടുന്ന കന്നട വാചകങ്ങളുടെ അർത്ഥം മനസിലാക്കാൻ, 25 ദിവസം കൊണ്ട് കന്നഡ പഠിക്കാമെന്ന പുസ്തകം എന്നെ പഠിപ്പിച്ചിരുന്നില്ല.

പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു. വീട്ടിൽ നിന്ന് കുട്ടികളാണ്. കറണ്ടു പോയെന്നും വീട്ടിൽ തനിച്ചാണെന്നും പറഞ്ഞ് മകൾ ഈണത്തിൽ കരയാൻ തുടങ്ങി. കരച്ചിൽ ചുറ്റുമുള്ളവരുടെ കാതിലും എത്തുന്നുണ്ട്. അവർ എനിക്കു കേൾക്കാനാവത്ത ശബ്ദത്തിൽ എന്തോ പരസ്പരം പറഞ്ഞ് എന്നെ ശ്രദ്ധിക്കുന്നുണ്ട് .

ഇപ്പോൾ ഇരുൾ എന്റെ ഉള്ളിലേക്കാണ് പരക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ എന്തൊക്കെ ഭയാനക ചിന്തകൾ വരാൻ കഴിയുമോ, അതിലധികം മിന്നി മറഞ്ഞു കൊണ്ടിരുന്നു. അഞ്ചാറു വർഷമായി നടത്തുന്ന യാത്രകളിൽ ഒരിക്കൽ പോലും ഒരു ദുരനുഭവം ഉണ്ടായിട്ടില്ല. വിശ്വാസവും അവിശ്വാസവും പട പൊരുതിക്കൊണ്ടിരിക്കുന്നതിനിടയിൽ ഓട്ടോ ഇടത്തോട്ട് തിരിഞ്ഞു. കുറച്ചു മുന്നിൽ വെളിച്ചമുള്ള ഒരു കെട്ടിടം കാണാനായി. ഓട്ടോ നിർത്തിയതും ഞാൻ ചാടിയിറങ്ങി. എന്തു ചെയ്യണമെന്ന് ഒരു ധാരണയുമില്ല. വല്ലാത്തൊരു ശൂന്യത എന്നിൽ നിറയുന്നുണ്ടായിരുന്നു.

കൂടെയിരുന്ന രണ്ടാളും മുന്നിൽ നിന്ന് മറ്റൊരാളും ഇറങ്ങി, കെട്ടിടം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. കുറച്ച് മാറി നിന്ന് ശ്രദ്ധിച്ചപ്പോഴാണ് കണ്ടത് ,എന്റെ കൂടെയിരുന്നവരുടെ കൈകൾ വിലങ്ങു വെച്ച് ബന്ധിപ്പിച്ചിരിക്കുന്നു. മറേറയാൾക്ക് പൊലീസിന്റെ മട്ടും ഭാവവും.
“പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ ” എന്നെഴുതിയ ബോർഡ് പിന്നീടാണ് കണ്ടത്. പൊലീസ് സ്റേറഷനോട് അനുബന്ധിച്ചാണ് ബാംഗളൂർ സെൻട്രൽ ജയിൽ. എന്റെ ശ്വാസം നേരെ വീണു.

ഫെയ്സ് ബുക്കിൽ ലയിച്ചിരുന്നതു കൊണ്ട്, ഓട്ടോ പ്രധാന റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞത് ഞാൻ കണ്ടിരുന്നില്ല. ഏറെ നാളുകളായി വിചാരണത്തടവുകാരനായി മഅദ്നിയെ തടവിലിട്ടിരിക്കുന്നത് ഇവിടെയാണ്. ജയലളിതയും ശശികലയും വന്നു താമസിച്ച ജയിലിനു മുന്നിലാണ് താനെന്ന് ഒട്ടൊരതിശയത്തോടെ ഓർത്തു നിൽക്കുമ്പോൾ, ഓട്ടോ ഡ്രൈവർ ഒഴിഞ്ഞ സീറ്റ് ചൂണ്ടിക്കാണിച്ച് പറഞ്ഞു

” കൂദ് കൊള്ളി കൂദ് കൊളളി !”
( “ഇരിക്കൂ ഇരിക്കൂ!”)

“ഇനിയെന്തു കൂദ് കൊള്ളാൻ! മനുഷ്യന്റെ നല്ല ജീവൻ പോയി! ” വായിൽ വന്ന വാചകം അതു പോലെ ഉള്ളിലേക്കെടുത്ത് ഞാൻ ഓട്ടോയിൽ കയറിയിരുന്നു. മൊബൈൽ ഒന്നു മിന്നി. മെസ്സെഞ്ചറിൽ ഏതോ മെസെജ് വന്നതാണ്. പെട്ടെന്ന് തോന്നിയ പ്രേരണയിൽ ഫോൺ ഒരേറ് വെച്ച് കൊടുക്കാനാണ് തോന്നിയത്. സമചിത്തത വീണ്ടെടുത്ത്, ഫേസ് ബുക്കിന്റെയും മെസെഞ്ചറിന്റെയും ഐക്കൺ ചൂണ്ടുവിരലിൽ അമർത്തി പിടിച്ച് നേരെ ട്രാഷ് ബിന്നിലേക്ക് വലിച്ചിട്ടു.
ഓട്ടോ പ്രധാന നിരത്തിലേക്ക് കയറിത്തുടങ്ങുമ്പോൾ, കുറെ ദിവസങ്ങൾക്കു മുൻപ് തൊണ്ടി മുതലും ദൃക്സാക്ഷിയും കണ്ടിറങ്ങുമ്പോൾ ഏറെ ചിന്താകുലയായി മകൾ ചോദിച്ച ചോദ്യം മനസിൽ വന്നു.

“അമ്മേ, കള്ളൻമാർക്ക് അച്ഛനും അമ്മേം ഉണ്ടാവുമോ?”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ