അഹമ്മദാബാദ്: മുഖ്യമന്ത്രിയെ കാണാൻ അനുവദിക്കാതെ വീരമൃത്യു വരിച്ച ജവാന്റെ മകളെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയത് വിവാദമാകുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി നോക്കിനിൽക്കേയാണ് 26 കാരിയായ രൂപാൽ ടഡ്‌വിയെ പൊലീസ് വലിച്ചിഴച്ചു മാറ്റിയത്.

2002 ൽ കശ്മീരിൽ വീരമൃത്യു വരിച്ച അശോക് ടഡ്‌വിയുടെ മകളാണ് രൂപാൽ. തന്റെ കുടുംബത്തിന് അനുവദിച്ച ഭൂമി ഇനിയും നൽകാത്തതിനെ തുടർന്നാണ് രൂപാൽ മുഖ്യമന്ത്രിക്കു പരാതി നൽകാൻ എത്തിയത്. മുഖ്യമന്ത്രി വിജയ് റാലിയിൽ സംസാരിക്കവേ ജനക്കൂട്ടത്തിനിടയിൽനിന്ന് പെട്ടെന്ന് രൂപാൽ സ്റ്റേജിനടുത്തക്ക് എത്തി. എനിക്ക് അദ്ദേഹത്തെ കാണണം എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ അടുത്തെത്തുന്നതിനു മുൻപേ രൂപാലിനെ വനിതാ പൊലീസുകാർ ബലപ്രയോഗത്തിലൂടെ അവിടെനിന്നും മാറ്റി.

രൂപാലിനോട് സ്റ്റേജിൽവച്ച് തന്നെ ഈ പരിപാടിക്കുശേഷം ഞാൻ നിങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞിരുന്നു. പരിപാടിക്ക് ശേഷം അദ്ദേഹം പെൺകുട്ടിയെ കണ്ടതായാണ് സൂചന. അതേസമയം, വീരമൃത്യു വരിച്ച ജവാന്റെ മകളെ മുഖ്യമന്ത്രിയുടെ കൺമുന്നിൽവച്ചു വലിച്ചിഴച്ചു കൊണ്ടുപോയതിനെതിരെ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ധിക്കാരം ക്ഷമയുടെ പരിധി ലംഘിക്കുന്നുവെന്ന് പറഞ്ഞ് സംഭവത്തിന്റെ വിഡിയോ കോൺഗ്രസ് ഉപാധ്യക്ഷ്യൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ശ്രമിച്ചിട്ടും രൂപാലിനു അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ, ആത്മാഹുതി ചെയ്യുമെന്നു രൂപാലിന്റെ അമ്മ ഭീഷണി മുഴക്കിയിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ