ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്യാസിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണെന്നും വിവാദ ആള്‍ദൈവം രാധേ മാ. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കലാപമുണ്ടായതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ എല്ലാം ദൈവഹിതമാണെന്നായിരുന്നു അവരുടെ പ്രതികരണം.

‘ഞാന്‍ കൂടുതലൊന്നും ചിന്തിക്കാറില്ല. എന്റെ ആളുകള്‍ക്കൊപ്പം ഞാന്‍ കഴിയുന്നു. ശിവ ഭഗവാനെ ആരാധിക്കുന്നതിന്റെ തിരക്കിലാണ് ഞാന്‍. വളരെ വിരളമായാണ് ഞാന്‍ വീട്ടില്‍ നിന്നുപോലും പുറത്തിറങ്ങാറുള്ളത്. സംഭവിക്കുന്നതെല്ലാം ദൈവഹിതമാണ്.’ അവര്‍ പറഞ്ഞു.

Radhe Maa

രാധേ മായെ തട്ടിപ്പുകാരിയായ ആത്മീയ ഗുരുവെന്ന് നടന്‍ ഋഷി കപൂര്‍ വിശേഷിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഋഷി കപൂറിനെ ഭഗവാന്‍ ശിവന്‍ രക്ഷിക്കട്ടെയെന്നായിരുന്നു രാധേ മായുടെ പ്രതികരണം. ‘ഋഷി കപൂര്‍ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പാപവും ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്കെതിരെ ഒരു പ്രസ്താവന നടത്തി. അദ്ദേഹത്തിന് ശിവ ഭഗവാന്‍ മറുപടി നല്‍കും.’ എന്നാണ് അവര്‍ പറഞ്ഞത്.

രാധേ മായ്‌ക്കെതിരെ നടി ഡോളി ബിന്ദ്ര ലൈംഗിക പീഡനകേസ് നൽകിയിരുന്നു. 2015ല്‍ രാധേ മായ്‌ക്കെതിരെ ഒരു യുവതി സ്ത്രീധന പീഡനക്കേസും നല്‍കിയിരുന്നു. തന്റെ വീട്ടുകാരില്‍ നിന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ ഭര്‍തൃവീട്ടുകാരെ രാധേ മാ പ്രേരിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ