ന്യൂഡൽഹി: തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയത് പോലെ മണിപ്പൂരും ഗോവയും ബിജെപി ഭരണം ഉറപ്പിച്ചു. രണ്ടിടത്തും ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരുന്നെങ്കിലും ബിജെപി ദേശീയ നേതൃത്വം തന്നെ ഭരണം പിടിക്കാൻ കളത്തിലിറങ്ങിയതോടെ കോൺഗ്രസിന്റെ കരുനീക്കങ്ങൾ സകലതും പാളി. മണിപ്പൂരിൽ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന് കോൺഗ്രസ് നേതാവ് ഉക്രം ഇബോബി സിംഗ് കുറ്റപ്പെടുത്തി.

മണിപ്പൂരിൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നാഗാ പീപ്പിൾസ് ഫ്രണ്ട് ബിജെപിയ്ക്ക് അനുകൂലമായി നിലപാടെടുത്തിരുന്നു. തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയ കോൺഗ്രസ് നിലപാടാണ് അവരെ എതിർ പാളയത്തിൽ എത്തിച്ചത്. ഗോത്ര നിയമങ്ങളിൽ സ്ത്രീകൾ ഭരണ സാരഥ്യത്തിലേക്ക് വരുന്നതിനോട് വിയോജിപ്പുള്ളതാണ് ഇതിന് കാരണമായത്. നാല് സീറ്റുകളിലാണ് നാഗാ പീപ്പിൾസ് ഫ്രണ്ട് വിജയിച്ചത്.

നാല് സീറ്റുകളിൽ ഇവിടെ നാഷണൽ പീപ്പിൾസ് പാർട്ടിയും വിജയം നേടി. 60 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷം വേണ്ടത് 31 ആണ്. ബിജെപിക്ക് 21 മണ്ഡലങ്ങളിലാണ് വിജയം നേടാനായത്. തൃണമൂൽ കോൺഗ്രസ് ഒഴികെ ജയിച്ച മറ്റ് രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടി നേടിയാണ് സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിച്ചതും.

ഇവിടെ 28 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയിലായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ ഇന്നലെ വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിൽ നാഷണൽ പീപ്പിൾസ് പാർട്ടി തങ്ങളുടെ പിന്തുണ എൻഡിഎ ക്കാണെന്ന് വ്യക്തമാക്കിയതോടെ ഉക്രം ഇബോബി സിംഗിന്റെ ഭരണ തുടർച്ചയെന്ന മോഹം പാഴായി. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ റാം മാധവാണ് മണിപ്പൂരിലെ രാഷ്ട്രീയ ചരടുവലികൾക്ക് നേതൃത്വം നൽകിയത്. മറുപക്ഷത്ത മണിപ്പൂരിന്റെ ചുമതലയുണ്ടായിരുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു കരുനീക്കം നടത്തിയത്.

ഇന്നലെ കോൺഗ്രസ് നിയമസഭാംഗങ്ങൾ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവായി ഉക്രം ഇബോബി സിംഗിനെ തിരഞ്ഞെടുത്തതിന് മണിക്കൂറുകൾക്കകം ബിജെപി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഇതോടെ കരുനീക്കങ്ങൾ ആരംഭിക്കും മുൻപേ കോൺഗ്രസ് തോൽവി സമ്മതിക്കേണ്ട സ്ഥിതിയായി. സംസ്ഥാനത്ത് ആദ്യമായി മത്സരിച്ച ബിജെപി ഇതോടെ അധികാരത്തിൽ എത്തുകയും ചെയ്തു.

ഗോവയിൽ ആരാകണം മുഖ്യമന്ത്രി എന്ന ആലോചനകൾ കോൺഗ്രസിനകത്ത് സജീവമായി നിൽക്കുന്നതിനിടെയാണ് ബിജെപി മനോഹർ പരീക്കറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവർ നേരത്തേ ബിജെപി യുടെ സഖ്യകക്ഷികൾ ആയിരുന്നത് ഇവിടെ ബിജെപി യുടെ സർക്കാർ നിർമ്മാണ ശ്രമങ്ങളുടെ ആയാസം കുറച്ചു. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും മനോഹർ പരീക്കർ മുഖ്യമന്ത്രിയാകണം എന്ന് ആവശ്യപ്പെട്ടതോടെ ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് കേന്ദ്ര മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് തന്നെ മനോഹർ പരീക്കർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

മൂന്ന് അംഗങ്ങളുടെ പിൻബലം ഉണ്ടായിരുന്ന ഗോവ ഫോർവേഡ് പാർട്ടി ആദ്യം കോൺഗ്രസിന് മുന്നിൽ വച്ച നിർദ്ദേശവും മുഖ്യമന്ത്രി സ്ഥാനം ചൊല്ലിയായിരുന്നു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ലൂസിഞ്ഞോ ഫെലേറോ മുഖ്യമന്ത്രിയാകരുതെന്നും പകരം ദിഗംബർ കാമത്ത് മുഖ്യമന്ത്രിയാകണമെന്നും ഇവർ ആവശ്യപ്പെട്ടു എന്നാൽ കോൺഗ്രസിന് അകത്തും തർക്കം രൂക്ഷമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി ലൂസിഞ്ഞോ ഫെലേറോ, ദിഗംബർ കാമത്ത്, പ്രതാപ് സിംഗ് റാണെ എന്നിവർ അവകാശ വാദം ഉന്നയിച്ചത് പ്രതിസന്ധിയായി. ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചപ്പോഴാണ് ബിജെപി ഗോവ ഫോർവേഡ് പാർട്ടിയുടെ കൂടി പിന്തുണയോടെ സർക്കാരിന് അവകാശ വാദം ഉന്നയിച്ചത്.

ഗോവ ഗവർണർ, മനോഹർ പരീക്കറിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടുണ്ട്. 40 അംഗങ്ങളുള്ള നിയമസഭയിൽ 17 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റകക്ഷി. 13 അംഗങ്ങളുള്ള ബിജെപി ക്ക് നിർണ്ണായകമായത് മൂന്ന് അംഗങ്ങൾ വീതമുള്ള ഗോവ ഫോർവേഡ് പാർട്ടിയുടെയും മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെയും നിലപാടായിരുന്നു. മൂന്ന് സ്വതന്ത്രരുടെ പിന്തുണ കൂടി ബിജെപി ക്ക് ഇപ്പോഴുണ്ട്. 15 ദിവസത്തിനകം മനോഹർ പരീക്കർ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ