ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ബിജെപിക്ക് അനുകൂലമായി തിരിമറി നടത്തുന്നു എന്ന ആരോപണത്തെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷൻ മുന്നോട്ടുവച്ച ‘ഇവിഎം ചലഞ്ച്’ ജൂൺ മൂന്ന് മുതൽ നടക്കും. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കുന്നുവെന്ന ആരോപണം തെളിയിക്കാനുള്ള ഈ ‘വെല്ലുവിളിയിൽ’ ഒരു പാർട്ടിയിൽനിന്ന് മൂന്നു പേർക്കാണ് പങ്കെടുക്കാനാവുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസിം സെയ്ദി അറിയിച്ചു. എല്ലാവരും ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്, എന്നാൽ തെളിവുകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെയും വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയലി(വിവിപാറ്റ്)ന്റേയും പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചു.

വെല്ലുവിളി സ്വീകരിച്ച് ഇതിൽ പങ്കെടുക്കുന്നവർ ഈ മാസം 26ന് വൈകിട്ട് അഞ്ചു മണിക്കു മുൻപ് തിരഞ്ഞെടുപ്പു കമ്മിഷന് പേരു നൽകണം. തിരിമറി സാധ്യമാണെന്ന് തെളിയിക്കാൻ ഓരോ പാർട്ടിക്കും ഏതെങ്കിലും നാലു മണ്ഡലങ്ങളിൽ ഉപയോഗിച്ച നാലു വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കാം. തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുള്ള യന്ത്രങ്ങളിലാണ് കൃത്രിമം തെളിയിക്കേണ്ടത്. ഇതിനായി സാങ്കേതിക മേഖലയിൽ അറിവുള്ള മൂന്നു പേരെ ഓരോ പാർട്ടിക്കും നിയോഗിക്കാം. വോട്ടിങ് യന്ത്രത്തിൽ യാതൊരുവിധ കൃത്രിമവും സാധ്യമല്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും, ചലഞ്ചിലൂടെ വോട്ടിങ് യന്ത്രങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനാകുമെന്നും സെയ്ദി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളും 48 പ്രാദേശിക പാര്‍ട്ടികളുമായി 55 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെുടപ്പില്‍ ബിജെപിയ്ക്ക് ഭുരിപക്ഷം കൂട്ടാന്‍ വോട്ടിംഗ് മെഷീനില്‍ വ്യാപകമായി കൃത്രിമം കാട്ടിയെന്നും ഇതാണ് ബിജെപിയ്ക്ക് ഈ രീതിയില്‍ സീറ്റുകള്‍ കിട്ടാന്‍ കാരണമായതെന്നും ആംആദ്മി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാട്ടികൾ നേരത്തെ ആരോപിച്ചിരുന്നു. വോട്ടിംഗ് മെഷീനീല്‍ അനായാസമായി കൃത്രിമം കാട്ടാന്‍ കഴിയുമെന്ന് ആപ്പ് നേതാവ് സൗരഭ് ഭരദ്വാജ് ഡെല്‍ഹി നിയമസഭയിൽ ഡെമോ കാട്ടിയിരുന്നു. ഇവിഎം വിദഗ്ധര്‍ പരിശോധിച്ച ഐഐടി ഗ്രേഡുകള്‍ നിര്‍മ്മിച്ച മെഷീനാണ് ഉപയോഗിച്ചതെന്നും പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. അതേസമയം ആപ്പ് ഡെമോയ്ക്കായി ഉപയോഗിച്ച മെഷീന്‍ തട്ടിപ്പായിരുന്നെന്നാണ് ഇതിന് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ