ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ. പളനിസ്വാമിക്ക് മഖ്യമന്ത്രി പദത്തിലേറാന്‍ കഴിയുമോയെന്ന് നാളെ അറിയാം. എന്നാല്‍ അതിനുമുമ്പ് പ്രതിപക്ഷ നേതാവായ എംകെ സ്റ്റാലിന് പളനിസാമിയോട് ചില ഉപദേശങ്ങള്‍ പറയാനുണ്ട്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വരുമ്പോള്‍ തന്നെ നോക്കി ചിരിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍റെ വക ആദ്യ ഉപദേശം.

ശശികല പിടിച്ച റിമോട്ട് കണ്‍ട്രോളറിലൂടെ പ്രവര്‍ത്തിക്കുന്ന നേതാവായി മാറരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണം ഡിഎംകെയാണെന്നും ഒ.പനീർശെൽവത്തെ നോക്കി സ്റ്റാലിൻ നിയമസഭയിൽ ചിരിച്ചിരുന്നുവെന്നും ഇതിന്റ അർഥം ഇതായിരുന്നുവെന്നും ശശികല നേരത്തെ ആരോപിച്ചിരുന്നു. ഈ പരാമർശത്തെ പരിഹസിച്ചാണ് മുഖ്യമന്ത്രിയോട് തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിൻ ഉപദേശിച്ചത്.
മനുഷ്യർ പരസ്പരം നോക്കി ചിരിക്കാറുണ്ട്. അതാണ് അവരെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പളനിസ്വാമിയുടെ സർക്കാർ അധികാരമേറ്റത് ജനാധിപത്യവിരുദ്ധമായാണ്. അണ്ണാ ഡിഎംകെ എന്ന പാർട്ടിയെ പിടിച്ചെടുക്കുകയാണ് ശശികല ചെയ്തതതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനെത്തുന്ന പളനിസാമിക്ക് 118 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ കഴിയുകയുള്ളു. ഇതിനിടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തുടരുന്ന എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇരുഭാഗത്തു നിന്നും നടക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ