ബീജിംഗ്: ചൈനയില്‍ മൃഗശാലയില്‍ കടുവകള്‍ക്ക് ഭക്ഷണമായി ജീവനുള്ള കഴുതയെ കടുവക്കൂട്ടിലേക്ക് എറിഞ്ഞുകൊടുത്തു. നിരവധി കാഴ്ച്ചക്കാര്‍ നോക്കി നില്‍ക്കെയാണ് കടുവയ്ക്ക് ഇരയായി കഴുതയെ ഇട്ടുകൊടുത്തത്. റെയിന്‍കോട്ട് ധരിച്ച അഞ്ച് പേര്‍ കഴുതയെ ബലമായി കടുവകള്‍ വിഹരിക്കുന്ന കൂട്ടിലേക്ക് തള്ളിവിടുന്നതും കടുവകള്‍ കഴുതയെ ഭക്ഷിക്കുന്നതിന്റേയും വീഡിയോ കാഴ്ചച്ചക്കാരിലൊരാള്‍ പകര്‍ത്തിയിട്ടുണ്ട്. തുടര്‍ന്ന് വീഡി‍യോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചു.

വെളളത്തിലേക്ക് ബലമായി തളളിയിടപ്പെട്ട കഴുതയെ ആദ്യം ഒരു കടുവ ആക്രമിച്ചു. പിന്നാലെ രണ്ടാമത്തെ കടുവയും കഴുതയെ ആക്രമിച്ചു. അരമണിക്കൂറോളം നീണ്ട മല്‍പിടിത്തത്തിനൊടുവില്‍ കഴുതയെ കടുവകള്‍  ഭക്ഷണമാക്കുകയായിരുന്നു.

മൃഗശാലയുടെ സഹഉടമയാണ് സംഭവത്തിന് പിന്നിലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നത്. ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍​കഴുതയെ കടുവകള്‍ക്ക് ഇരയായി നല്‍കിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃഗശാലയിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് ഇയാള്‍ മൃഗങ്ങളെ പുറത്ത് വിറ്റതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മൃഗങ്ങളെ പുറത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഉടമ വ്യക്തമാക്കിയതോടെയാണ് ഇയാള്‍ ഈ കടുംകൈ ചെയ്തത്.

വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മൃഗശാലാ അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ