ന്യൂഡൽഹി: ദോക്‌ലാം പീഠഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വീണ്ടും ചൈനയുടെ ഭീഷണി. “ഞങ്ങളുടെ സൈനിക ശേഷിയെ കുറിച്ച് വ്യാമോഹങ്ങൾ വേണ്ടെ”ന്നാണ് ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ചൈനയുടെ സൈനിക വക്താവ് വു ഖിയാൻ പറഞ്ഞത്.

ചൈനയുടെ അതിർത്തി സംരക്ഷിക്കുന്നതിന് പ്രായോഗിക നിലപാടുകളാണ് ഇന്ത്യ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ കാര്യങ്ങളും ഭാഗ്യത്തിന് കൊടുത്തുള്ള ഒരു കളിക്കും ഇന്ത്യ നിൽക്കരുത്. ചൈനയെ കുറിച്ച് തെറ്റായ ധാരണകൾ വച്ച് പുലർത്തുകയും വേണ്ട”, റ്യൂട്ടേർസ് റിപ്പോർട്ടിൽ ഖിയാൻ പറയുന്നതിങ്ങനെ.

“പ്രകോപനം സൃഷ്ടിക്കാതെ പ്രായോഗികമായ പ്രശ്ന പരിഹാര സാധ്യതകളാണ് ഇന്ത്യ തേടേണ്ടത്. അതിർത്തിയിൽ പ്രശ്ന പരിഹാരത്തിനും സമാധാനത്തിനും ചൈനയോട് കൈകോർക്കാൻ ഇന്ത്യ തയ്യാറാകണം”, അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തി പ്രദേശത്ത് ദോക്ലാം പീഠഭൂമിക്ക് സമാന്തരമായി 3500 കിലോമീറ്റർ ദൂരത്തിലാണ് ചൈന റോഡ് നിർമ്മാണം ആരംഭിച്ചത്. ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം വഷളായി. തുടർന്ന് ആരോപണ-പ്രത്യാരോപണങ്ങളും ഭീഷണികളും ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ