ലഖ്നൗ: ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമെന്ന് അറിയപ്പെടുന്ന തീപ്പൊരി നേതാവ് യോഗി ആദിത്യനാഥിന്റെ വിജയം ആഘോഷിക്കുകയാണ് യുപിയിലെ മുസ്ലീങ്ങളും. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിലെ മുസ്ലീങ്ങളാണ് പ്രധാനമായും അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ ആഹ്ളാദം പങ്കുവയ്ക്കുന്നത്.
യോഗിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗൊരഖ്പൂരില്‍ വ്യാപാരിയായ മുഹമ്മദ് കലീം ഫറൂഖി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. യോഗി മുഖ്യമന്ത്രിയാകുന്നതോടെ ഗൊരഖ്പൂരിനും സംസ്ഥാനത്തിനും വികസനം ഉണ്ടാകും. ഏതെങ്കിലും വ്യക്തിയുടെ സര്‍ക്കാരല്ല. എല്ലാവരും കൂടി തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാറ്റം തങ്ങള്‍ ആഗ്രഹിച്ചിരുന്നതായി വസ്ത്ര വ്യാപാരിയായ സെയ്ദ് അഹമ്മദ് പറഞ്ഞു. ഇപ്പോള്‍ എവിടെപ്പോയാലും മുഖ്യമന്ത്രിയുടെ നഗരത്തില്‍ നിന്നു വരുന്നവരെന്നത് ഞങ്ങള്‍ക്ക് അഭിമാനം നല്‍കുമെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായതോടെ യോഗി തീവ്ര ഹിന്ദുത്വ നിലപാടില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. താന്‍ എല്ലാ വിഭാഗം ജനങ്ങള്ക്കുന വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് യോഗി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ മുഴുവന്‍ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് മുഖ്യമന്ത്രി ആയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തില്‍ യോഗി പറഞ്ഞു.
ബിജെപിക്ക് ഭരണത്തില്‍ ഇരിക്കാന്‍ അധികാരം നല്കിയ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. യാതൊരു വിവേചനവും ഇല്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കും. 15 വര്‍ഷമായി ഉത്തര്‍പ്രദേശ് വികസനത്തില്‍ പിന്നിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് മുറിവേല്പിച്ചിരുന്നു. എന്നാല്‍ തന്റെ മന്ത്രിസഭ യുപിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നിലകൊള്ളുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ