ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പരിഷ്കരണ നടപടികളുമായി യോഗി ആദിത്യനാഥ്. അനധികൃത അറവുശാലയ്ക്ക് എതിരായ നടപടിയും സ്ത്രീ സുരക്ഷയുടെ ഭാഗമായുള്ള പൂവാല വിരുദ്ധ സ്ക്വാഡും പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ ഓഫീസുകളിൽ പാൻമസാല,​ പുകയില,​ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ എന്നിവയ്ക്ക് യോഗി നിരോധനം ഏർപ്പെടുത്തി.

സർക്കാർ ഓഫീസ് കെട്ടിടങ്ങളിൽ മുറുക്കാൻ ചവച്ച് തുപ്പിയ പാടുകൾ ശ്രദ്ധയിൽപ്പെട്ടതാണ് മുഖ്യമന്ത്രി ജോലി സമയത്ത് പാൻ മസാല ഉപയോഗം വിലക്കാൻ കാരണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉദ്യോഗസ്ഥന്മാരോട് സര്‍ക്കാര്‍ ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി സംസ്ഥാനത്ത് ഉടനീളം നടപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 403ല്‍ 312 സീറ്റും നേടിയാണ് ഉത്തര്‍പ്രദേശ് ബിജെപി പിടിച്ചത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ പ്രഖ്യാപിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ