ചാൾസ് ഡാർവിന്രെ പരിണാമ സിദ്ധാന്തം “ശാസ്ത്രീയമായി” തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാൽ സിങ്. രാജ്യത്തെ മുഴുവൻ സ്കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയിൽ നിന്നും ഇത് മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയാണ് സത്യപാൽ സിങ്.

ഡാർവിൻ സിദ്ധാന്തം (പരിണാമ സിദ്ധാന്തം) ശാസ്ത്രീയമായി തെറ്റാണ്. ഇത് സ്കൂൾ കോളജ് പാഠ്യപദ്ധതിയിൽ നിന്നും മാറ്റേണ്ട് ആവശ്യമാണ്. മനുഷ്യനെ ഭൂമിയിൽ എപ്പോഴും മനുഷ്യനായാണ് കാണുന്നത്” ഔറംഗബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ മുൻഗാമികളാരും കുരങ്ങൻ മനുഷ്യനാകുന്നതിന് സാക്ഷികളായിട്ടുളളതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം മുംബൈയിലെ മുൻ പൊലീസ് കമ്മീഷണറായിരുന്നു. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സത്യപാൽ സിങിന്രെ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. “വിവാഹത്തിന് ജീൻസ് ധരിച്ചുവരുന്ന പെൺകുട്ടിയെ വിവാഹംചെയ്യാൻ എത്ര ആൺകുട്ടികൾ തയ്യാറാകും?” എന്നായിരുന്നു സിങ് നേരത്തെ വിവാദമുണ്ടാക്കിയ പരാമർശം.

ഔറംഗാബാദിൽ “വൈദിക് സമ്മേളന”ത്തിൽ പങ്കെടുക്കാൻ എത്തിയതാണ് കേന്ദ്രമന്ത്രി. “നമ്മുടെ പൂർവ്വികർ ഉൾപ്പടെ ആരും കുരങ്ങൻ മനുഷ്യനായി മാറുന്നത് കണ്ടതായി എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല” എന്നായിരുന്നു മാനവവിഭവശേഷി സഹമന്ത്രിയുടെ നിരീക്ഷണം. ” നമ്മൾ വായിച്ച ഒരു പുസ്തകത്തിലോ പൂർവ്വികർ പറഞ്ഞ് നമ്മൾ കേട്ട കഥകളിലോ ഇങ്ങനെയൊരു പരാമർശമില്ല” മന്ത്രി തന്രെ വാദത്തിന് പിന്തുണയായി പറഞ്ഞു.

ഭൂമിയിലെ പരിണാമത്തെ കുറിച്ചുളള മനുഷ്യന്രെ ചിന്തകളുടെയും മാതൃകകളുടെ വ്യവഹാര മണ്ഡലത്തെ തിരുത്തിയെഴുതിയതാണ് ചാൾസ് ഡാർവിന്രെ ” ഓൺ ദ് ഒറിജിൻ ഓഫ് സ്പീഷീസ്'” എന്ന പുസ്തകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ