ചെന്നൈ: തമിഴ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചതായിരുന്നു ജയലളിതയ്ക്കും കൂട്ടർക്കും എതിരായുളള അനധികൃത സ്വത്ത് സമ്പാദന കേസ്. ഈ കേസ് ആരംഭിക്കുന്നത് 21 വർഷം മുമ്പ് 1996ലാണ്. ജയലളിത ആദ്യമായി അധികാരത്തിലേറിയ 1991-96 വരെയുളള കാലത്ത് തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി.എൻ.സുധാകരൻ (ജയലളിതായുടെ ‘ദത്ത് പുത്രൻ’) എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തി 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

ജയലളിത പ്രധാന പ്രതിയായ കേസിൽ ബാക്കി മൂന്നു പേരും 32 സ്വകാര്യ സ്ഥാപനങ്ങളുടെ ബെനാമി ഉടമസ്ഥരായി പ്രവർത്തിച്ചു. മറ്റൊരു ആരോപണം കോടികൾ ചെലവഴിച്ച് നിർമ്മാണപ്രവർത്തനങ്ങളും പുതുക്കി പണിയലുകളും നടത്തി. ദത്ത് പുത്രന്റെ വിവാഹത്തിന് വൻതുകയുടെ ആഭരണങ്ങൾ വാങ്ങിക്കൂട്ടി എന്നീ ആരോപണങ്ങളും കേസിൽ ഉന്നയിക്കപ്പെട്ടു.

Read More: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയ്ക്ക് തിരിച്ചടി; നാലു വർഷം തടവ്, 10 കോടി രൂപ പിഴ

ചെന്നൈ സ്‌പെഷൽ ജഡ്ജി 1997ൽ ജയലളിതയ്ക്കും കൂട്ടുപ്രതികളായ ശശികല, സുധാകരൻ, ഇളവരശി എന്നിവർക്ക് സമൻസ് അയച്ചു. ഐപിസിയിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ ചേർത്ത് ഇവർക്കെതിരായി കേസെടുത്തു. എന്നാൽ പ്രതികൾ കുറ്റം നിഷേധിച്ചു. തെളിവുകൾ രേഖപ്പെടുത്തിക്കൊണ്ട് കേസ് ആരംഭിച്ചു.

ജയലളിത 2001-ൽ അധികാരത്തിലേയ്ക്ക് തിരിച്ചുവന്ന കാലയളവിൽ കേസ് തമിഴ്നാടിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഡിഎംകെ ജനറൽ സെക്രട്ടറി കെ.അൻപഴകൻ സുപ്രീം കോടതിയെ സമീപിച്ചു. 2003 നവംബറിൽ സുപ്രീം കോടതി ഈ അപേക്ഷ അംഗീകരിച്ചു. സ്വതന്ത്രവും നിർഭയവുമായി വിചാരണ നടത്തുന്നതിന് ബെംഗളൂരുവിൽ പ്രത്യേക കോടതി രൂപികരിച്ചു. കേസ് വീണ്ടും പുതുതായി ആരംഭിച്ചു.

സെപ്റ്റംബർ 2014ൽ പ്രത്യേക കോടതി നാല് പ്രതികളെയും ഐപിസി, അഴിമതി നിരോധനനിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ശിക്ഷിച്ചു. ജയലളിതയ്ക്ക് നാല് വർഷം തടവും നൂറ് കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശശികല, സുധാകരൻ, ഇളവരശി എന്നിവരെ നാല് വർഷത്തെ തടവിനും പത്ത് കോടി രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. വിധിയെ തുടർന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

Read More: വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു, തമിഴ്‌നാട് രക്ഷപ്പെട്ടുവെന്ന് ഒ.പനീർസെൽവം

മെയ് 2015ൽ ജയലളിത ഉൾപ്പടെ നാല് പ്രതികളെയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷൻ പ്രതികളായവരുടെ സ്ഥാപനങ്ങൾ, കമ്പനികൾ നിർമ്മാണ പ്രവർത്തനം തുടങ്ങി എല്ലാ ആസ്തികളെയും സംബന്ധിച്ച കണക്കുകൾ കൂട്ടിക്കുഴച്ചുവെന്ന നിരീക്ഷണമാണ് ഈ കേസിൽ നടത്തിയത്. 27.8 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനവും വിവാഹ ചെലവായ 6.45 കോടി രൂപയും എല്ലാം കൂട്ടിചേർത്താണ് 66.45 കോടി എന്ന കണക്കിലെത്തിയത്. അനധികൃത സ്വത്ത് 8.12% മാത്രമേയുളളൂവെന്ന് നിരീക്ഷിച്ച ഹൈക്കോടതി, 10% വരെ അനധികൃത ആസ്തി ആണ് ഉളളതെങ്കിൽ പ്രതികളെ കുറ്റവിമുക്തരാക്കാമെന്ന സുപ്രീം കോടതിയുടെ മുൻ റൂളിങ്ങിന്റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തരാക്കിയത്.

ഹൈക്കോടതി ജഡ്ജി സി.ആർ.കുമാരസ്വാമിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു : “അനധികൃത സ്വത്ത് സമ്പാദനം 10%ത്തേക്കാൾ കുറവാണെന്നും അത് അനുവദനീയമായ പരിധിയിലാണെന്നും അതിനാൽ പ്രതികളെ കുറ്റവിമുക്തരാക്കാം. പ്രധാന പ്രതി (ജയലളിത) യെ കുറ്റവിമുക്തയാക്കുമ്പോൾ, കേസിൽ ചെറിയ റോൾ മാത്രമമുള്ള മറ്റ് പ്രതികളും ആ ഇളവിന് അർഹരാണ്.” എന്നായിരുന്നു.
കർണാടക സർക്കാർ പ്രതികളെ വെറുതെ വിട്ടുകൊണ്ടുളള ഹൈക്കോടതി വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുകയും ശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കർണാടക ഹൈക്കോടതിയുടെ കണക്കുകളിൽ തർക്കമുന്നയിക്കുകയും ചെയ്തു. 2016 ജൂണിൽ അമിതാവ് റോയി, പി.സി.ഘോഷ് എന്നിവരടങ്ങുന്ന ബഞ്ച് ഈ കേസിൽ വിധി പറയുന്നതിനായി മാറ്റിവച്ചു. അതിനിടയിൽ ഡിസബർ അഞ്ചിന് ജയലളിത നിര്യാതയായി.

2017 ഫെബ്രുവരി 14 ന് സുപ്രീം കോടതി വിധി വന്നു. വിധിയിൽ കർണാടക ഹൈക്കോടതി വിധി അസാധുവാക്കപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന കേസ് സംബന്ധിച്ച വിചാരണക്കോടതിയുടെ വിധി ശരിവച്ചു.. ഇതനുസരിച്ച് നാല് വർഷം തടവും പത്ത് കോടി രൂപ പിഴയും ശശികലയ്ക്കുളള ശിക്ഷ.

ഇനി ശശികലയുടെ രാഷ്ട്രീയഭാവിയിൽ ഇരുൾ വീഴുകയാണ്. നാല് വർഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ആറ് വർഷം കൂടി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ടാകും. അതായത് ശശികലയ്ക്ക് പത്ത് വർഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ സാധ്യമാകില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ