ബംഗളൂരു: ഏഴ് വെടിയുണ്ടകളാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ അക്രമികള്‍ നിറയൊഴിച്ചത്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി.  നെറ്റിയില്‍ തറച്ചുകയറിയ വെടിയുണ്ടയാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ബംഗളുരൂവിലെ വസതിയിൽവച്ചാണ് രാത്രി എട്ട് മണിയോടെ ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയത്.  എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു. ഹിന്ദുത്വയുടെ വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറും വഴി കാത്തുനിന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമികൾ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ ആദ്യ നിഗമനം. കൽബുർഗിയെ സ്വവസതിയിൽ വച്ച് രണ്ട് വർഷം മുമ്പ് കൊലപ്പെടുത്തിയത് പോലെ സമാനരീതിയിലാണ് ഗൗരിയയെ കൊലപ്പെടുത്തിയതും.കൽബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ  സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന  പി. ലങ്കേഷിൻറെ  മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്.ഇന്ദ്രജിത്ത് ലങ്കേഷ് സഹോദരനുമാണ്.

2008 ൽ ബിജെ പി പ്രവർത്തകർ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ലങ്കേഷ്  പത്രിക ഉൾപ്പെട വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് തന്നെ ജയിലിലടയക്കാൻ ബി ജെ പി ശ്രമം നടത്തുന്നതായി അന്ന് ഗൗരി ആരോപിച്ചിരുന്നു. ഇതിൽ നൽകിയ മാനനഷ്ടകേസിൽ അടുത്തിടെ ഗൗരി ലങ്കേഷിനെതിരായി കോടതി വിധി വന്നിരുന്നു. പിന്നീട് ബി ജെ പിയുടെ കർണ്ണാടകത്തിലെ നേതാക്കൾ ഗൗരിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഡോ. കൽബുർഗിയുടെ കൊലപാതകത്തിലും യു . ആർ അനന്തമൂർത്തിക്കെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ ഉയർന്ന പ്രതിഷേധത്തിൻറെ മുന്നണിയിലുണ്ടായിരുന്നു ഗൗരി. ബി ജെ പിയുടെയും ആർ എസ് എസിൻറെയും നയങ്ങളെ ശക്തമായി വിമർശിച്ചിരുന്നു.

സമൂഹത്തിലെ അനാചാരങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും എതിരായി പ്രവർത്തിച്ചിരുന്ന ഡോ.  കൽബുർഗി, ഗോവിന്ദ പൻസാരെ, ദാബോൽക്കർ എന്നിവരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രക്ഷോഭം ഉയർന്നുവന്നിരുന്നു. ആ പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായ ഗൗരി ലങ്കേഷിനെയാണ് വെടിവച്ച് കൊലപ്പെടുത്തിയിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ