ന്യൂഡൽഹി: കേരള പൊലീസിനെതിരെ സിപിഐ കേന്ദ്ര നേതൃത്വം. പൊലീസ് തുടർച്ചയായി ഗുരുതര വീഴ്ചകൾ വരുത്തുന്നുവെന്നും പലപ്പോഴും സ്വീകരിക്കുന്നത് തെറ്റായ നിലപാടാണന്നും സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. ജിഷ്ണു സമരത്തിലെ നടപടി കിരാതമാണ്. സിപിഐ പ്രതിപക്ഷത്തിനൊപ്പമല്ല, എൽഡിഎഫിനൊപ്പമാണ്. തർക്കങ്ങൾ സംസ്ഥാന തലത്തിൽ ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കണം. കേന്ദ്ര നേതാക്കൾ തമ്മിൽ സംസാരിക്കും. വിമർശനത്തിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപം ശരിയല്ലെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

മഹിജ പ്രശ്നം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം വിലയിരുത്തിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യവിമർശനവും നടത്തി. സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിനുശേഷമാണു മുഖ്യമന്ത്രിക്കും സർക്കാർ നടപടികൾക്കുമെതിരായ അതൃപ്തി മറച്ചുവയ്ക്കാതെ കാനം പ്രതികരണം നടത്തിയത്.

എന്തു കാര്യമാണ് ജിഷ്ണുവിന്റെ കുടുംബത്തിനു സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ചോദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളെയാണ് കാനം പരസ്യമായി വിമർശിച്ചത്. സമരം കൊണ്ട് എന്തു നേടി എന്നു ചോദിച്ചിരുന്നതു മുതലാളിമാരാണ്. ട്രേഡ് യൂണിയൻ സമരങ്ങൾക്കെതിരെ പണ്ടു മുതലാളിമാർ ചോദിച്ചിരുന്ന ചോദ്യമാണ് അത്. അതാണ് ഇവിടെ ഉണ്ടായിരുന്ന പാരമ്പര്യമെന്നും കാനം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിയ സമരം കൊണ്ട് എന്തു നേടി എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കാനത്തിന്റെ പരിഹാസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ