ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത സ്വദേശി പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന അറബി ഷെയ്ഖുമാര്‍ അടക്കമുളള വിവാഹ റാക്കറ്റിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ അഞ്ച് ഒമാന്‍ സ്വദേശികളേയും മൂന്ന് ഖത്തര്‍ പൗരന്മാരേയും അറസ്റ്റ് ചെയ്തു.
ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന 80കാരായ രണ്ട് പേര്‍ അടക്കം ഇവരുടെ കൂട്ടത്തിലുണ്ട്. ഗസ്റ്റ്ഹസുകളില്‍ പൊലീസ് എത്തുമ്പോള്‍ ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അഭിമുഖം ചെയ്യുകയായിരുന്നു.

ഇത്തരം വിവാഹങ്ങൾക്ക് സാക്ഷ്യപത്രം നൽകിയിരുന്ന മുംബൈയിലെ ഖാസി ഫരീദ് അഹമ്മദ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഓരോ വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിനും 50,000 രൂപ കൈക്കൂലി വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉപഖാസിമാരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നിരവധി ഗസ്റ്റ്ഹൗസുകളും പൊലീസ് അടച്ചുപൂട്ടി.

കഴിഞ്ഞ മാസം 17ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഒരു ഒമാൻ പൗരൻ അറസ്റ്റിലായതോടെയാണ് ഇത്തരം സംഭവങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഹൈദരാബാദ് വിമാനത്താവളം വഴി എത്തുന്ന അറബ് വംശജരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.ഇവർ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം കർശനമാക്കി.പിന്നീട് ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറബികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുന്ന ഏജന്റുമാരും പിടിയിലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ