വാഷിങ്ടൺ: സായുധ ഡ്രോണുകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്കൻ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് സൂചന. ഇന്ത്യയുമായി സൈനിക വിപണനമേഖല വർധിപ്പിക്കാനും പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനുമാണ് യു.എസ് ശ്രമമെന്നും മുതിർന്ന യു,എസ് ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.

വ്യോമസേനയിലെ നൂതന വിദ്യകൾ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍നിന്ന് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഇവ സേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രിഡേറ്റര്‍ സി അവെഞ്ചർ വിഭാഗത്തില്‍ പെട്ട എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടി ഈ വര്‍ഷം ആദ്യമാണ് ഇന്ത്യൻ വ്യോമസേന അമേരിക്കയോട് അഭ്യര്‍ഥന നടത്തിയത്.

കടൽക്കൊള്ളക്കാർക്കെതിരെ ഇരുരാജ്യങ്ങളുടെ നാവികസേനകൾ വർഷങ്ങളായി ഒരുമിച്ച് പോരാടുന്നുണ്ട്. സമുദ്ര മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇരുകൂട്ടരും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സി അവെഞ്ചർ വിമാനങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ 80 മുതൽ 100 വിമാനങ്ങൾക്ക് എട്ട് ബില്യൺ ഡോളർ ചെലവ് വരും. വൈറ്റ് ഹൗസിൽ നടന്ന ട്രംപ്-മോദി കൂടികാഴ്ചക്ക് ശേഷം 22 നിരീക്ഷണ ഡ്രോണുകൾ അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ