ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ ആക്ഷേപിച്ചാല്‍ മാത്രം പോര ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്‍കണം എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നല്‍കിയ മറുപടി ” രാഷ്ട്രീയ പ്രസംഗം” ആയിരുന്നു എന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വിമര്‍ശിച്ചത്.

“അദ്ദേഹം ഒരു മണിക്കൂര്‍ നേരമാണ് പ്രസംഗിച്ചത്. അതില്‍ റാഫേല്‍ ഇടപാടിനെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ യുവജനങ്ങളുടെ തൊഴിലവസരങ്ങളെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല” മോദിജി പ്രധാനമന്ത്രിയാണ് എന്ന് മറന്നിരിക്കുകയാണ് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് രാഹുല്‍ വിമര്‍ശിച്ചു.

“രാജ്യത്തെ പ്രധാനമന്ത്രിയാണ് ചോദ്യം ചോദിക്കുന്നത്, അദ്ദേഹം ഉത്തരം നല്‍കുന്നില്ല.. ഇവിടെ (പാര്‍ലമെന്‍റില്‍) നിങ്ങള്‍ രാജ്യത്തോട് ചോദ്യം ചോദിക്കുകയല്ല, ഉത്തരം നല്‍കുകയാണ് വേണ്ടത് ” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് പൊതുപരിപാടികളില്‍ കോണ്‍ഗ്രസിനെതിരെ എന്തും സംസാരിക്കാം എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അദ്ദേഹം പാര്‍ലമെന്‍റില്‍ ചെയ്യേണ്ടത് അതല്ല എന്നും പറഞ്ഞു. “കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാല്‍ അത് ഉന്നയിക്കേണ്ട സ്ഥലം ഇതല്ല. ഇവിടെ നിങ്ങള്‍ രാജ്യത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് വേണ്ടത്, അല്ലാതെ ആക്ഷേപിക്കുകയല്ല. ” രാഹുൽ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ രാജ്യത്ത് വിഭജനത്തിന് വഴിവച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ വിമര്‍ശിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിതച്ച വിഷം കൊണ്ട് ദുരിതം അനുഭവിക്കാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു രാഹുൽ ഗാന്ധി.

‘തിരഞ്ഞെടുപ്പിലെ നേട്ടത്തിനും വില കുറഞ്ഞ നേട്ടങ്ങൾക്കും വേണ്ടി 70 കൊല്ലം മുന്പ് കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു. അന്ന് കോൺഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കുകയാണ്. അടൽ ബിഹാരി വാജ്പേയ് സംസ്ഥാനങ്ങളെ വിഭജിച്ചിരുന്നു. എന്നാൽ,​ എല്ലാവരേയും വിശ്വാസത്തിൽ എടുത്തുകൊണ്ടായിരുന്നു അത്. ആ നടപടി സുതാര്യവുമായിരുന്നു. എന്നാൽ,​ ആന്ധ്രാപ്രദേശിനെ വിഭജിച്ച കോൺഗ്രസ് എല്ലാം കുളമാക്കി. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ തിടുക്കത്തിലായിരുന്നു യുപിഎ സർക്കാരിന്റെ ഈ നീക്കം’, മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ