പനജി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പുതുവര്‍ഷത്തെ വരവേറ്റത് അമ്മയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയോടൊപ്പം ഗോവയില്‍. അനാരോഗ്യത്തെ തുടര്‍ന്ന്‍ സ്ഥാനമൊഴിഞ്ഞ സോണിയ കഴിഞ്ഞ കുറച്ചു നാളുകളായി ഗോവയില്‍ വെക്കേഷനിലാണ്.

വ്യാഴാഴ്ച കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളൊക്കെ സന്നിഹിതരായപ്പോള്‍ സോണിയയുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെയാണ് സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു എന്ന സൂചന നല്‍കുന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നത്.

“ശനിയാഴ്ച തന്നെ അമ്മയോടൊപ്പം സമയം ചെലവിടാനായി രാഹുൽ ഗാന്ധി ഗോവയിലെ മോബോറിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു” ഒരു മുതിര്‍ന്ന നേതാവ് പിടിഐയോട് പറഞ്ഞു. “അതൊരു സ്വകാര്യ പരിപാടി ആയതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രതിനിധികളോ പങ്കെടുത്തിട്ടില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 27 മുതല്‍ ഗോവയിലുള്ള സോണിയ ഗാന്ധി സൈക്കിള്‍ സവാരി നടത്തുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ