ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ടുളള ഫയൽ കേന്ദ്രസർക്കാർ തിരിച്ചയച്ചു. കേന്ദ്രനിയമന്ത്രാലയമാണ് പുനഃപരിശോധന ആവശ്യപ്പെട്ട് ഫയൽ സുപ്രീം കോടതിക്ക് കൈമാറിയത്. ജോസഫിനെക്കാള്‍ സീനിയോറിറ്റി ഉള്ള നിരവധി ജഡ്ജിമാര്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് നിയമനം നല്‍കുന്നത് സീനിയോറിറ്റി മറികടക്കലാകുമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്.

2016 ൽ ഉത്തരാഖണ്ഡ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ റദ്ദാക്കിയത് കെ.എം.ജോസഫായിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. എന്നാൽ കെ.എം.ജോസഫിന് നിയമനം നൽകിയില്ല. ജസ്റ്റിസ് ജോസഫിനെക്കാളും സീനിയര്‍ ആയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഉണ്ടെന്നായിരുന്നു കേന്ദ്രവാദം.

ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രം അംഗീകാരം നല്‍കിയ കേന്ദ്രതീരുമാനത്തിനെതിരെ കോൺഗ്രസും മുതിർന്ന അഭിഭാഷകരും രംഗത്തുവന്നിട്ടുണ്ട്. സുപ്രീം കോടതി കൊളീജിയത്തിനു മുകളിലല്ല കേന്ദ്രമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചത്. ഇന്ദുമല്‍ഹോത്രയുടെ സത്യപ്രതി‍ജ്ഞ നീട്ടിവയ്ക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

അതേസമയം, ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശുപാര്‍ശ കേന്ദ്രം മടക്കിയാല്‍ വീണ്ടും അത് സമര്‍പ്പിക്കാന്‍ കൊളീജിയത്തിന് അധികാരമുണ്ട്. അങ്ങനെ വന്നാല്‍ കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അംഗീകരിച്ചേ മതിയാവൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ