കൊല്‍ക്കത്ത: മതവിദ്വേഷമടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ സംഘര്‍ഷം. സ്ഥലത്തേക്ക് നാനൂറോളം ബിഎസ്എഫ് ട്രൂപ്പിനെ അയച്ചിട്ടുണ്ട്.
ബദൂരിയയില്‍ നിന്നുളള 17കാരനായ വിദ്യാര്‍ത്ഥിയുടെ പ്രവാചകനെ അവഹേളിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണമായത്. വിദ്വേഷ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ പരസ്പരം ഉണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച്ച കൊല്‍ക്കത്തയില്‍ നിരവധി പ്രദേശങ്ങളില്‍ ജനങ്ങള്‍ റോഡ്- റെയില്‍ ഗതാഗം തടസ്സപ്പെടുത്തി.
ബദൂരിയയില്‍ തുടങ്ങിയ സംഘര്‍ഷം ജില്ലയിലെ പല പ്രദേശങ്ങളിലേക്കും വ്യാപിച്ചു. സംഭവത്തില്‍ അഭ്യൂഹങ്ങള്‍ പരത്തി സംഘര്‍ഷത്തിന് വഴിവെക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സംഘര്‍ഷത്തിന് കാരണം ബിജെപിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥിയുടെ ഫോണ്‍ സന്ദേശത്തിന് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ചും മമത രംഗത്തെത്തി.

ബിജെപിയുടെ ബ്ലോക് തല നേതാവിനെപ്പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായും മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചു പേയെന്നും അവര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ