ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന താജ് മഹൽ, ശിവ ക്ഷേത്രമാണോ അല്ല ശവകുടീരമാണോയെന്ന് വ്യക്തത വരുത്തണമെന്ന് കേന്ദ്ര ഇൻഫർമേഷൻ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മുഗൾ ചക്രവർത്തി ഷാജഹാൻ ഭാര്യ മുംതാസിന്റെ ഓർമ്മയ്ക്കായി പണിഞ്ഞ ശവകുടീരമാണോ, അതല്ല, രാജ്പുത് രാജാവ് മുഗൾ സാമ്രാജ്യത്തിന് സമ്മാനിച്ച ശിവക്ഷേത്രമാണോ ഇതെന്ന് വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിരവധി ചരിത്രകാരന്മാർ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ കൈക്കൊണ്ടതിനെ തുടർന്ന് കോടതിയിലെത്തിയ വാദം അവസാനമായാണ് വ്യക്തത തേടി കേന്ദ്ര സാംസ്കാരിക വകുപ്പിന് മുന്നിൽ എത്തിയിരിക്കുന്നത്. ഇനി ഇക്കാര്യത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ചരിത്രസംബന്ധമായ ഈ തർക്കത്തിനുള്ള പരിഹാരം കേന്ദ്ര സാംസ്കാരിക മന്ത്രാലയം കണ്ടെത്തണമെന്നാണ് കേന്ദ്ര ഇൻഫർമേഷൻ കമ്മിഷൻ ശ്രീധർ ആചാര്യലു വ്യക്തമാക്കിയിരിക്കുന്നത്. ചരിത്രകാരൻ പി.എൻ.ഓക്, അഭിഭാഷകൻ യോഗേഷ് സക്സേന എന്നിവരുടെ എഴുത്തുകളെ സാധൂകരിക്കുന്ന, താജ് മഹലിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട തെളിവുകൾ കേന്ദ്ര സർക്കാർ നേരത്തേ നൽകിയിട്ടുണ്ടെന്ന് ശ്രീധർ ആചാര്യലും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ