ബെയ്ജിങ്: ദക്ഷിണ ഏഷ്യയിലേക്ക് ചൈനയ്‌ക്ക് സൈനിക നീക്കം എളുപ്പമാക്കുന്ന തരത്തിൽ നേപ്പാൾ അതിർത്തിയിലേക്ക് ടിബറ്റിലൂടെയുള്ള പാത ചൈന ഗതാഗതത്തിന് തുറന്ന് കൊടുത്തു. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതൽ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റർ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. ഈ പാതയെ നേപ്പാൾ അതിർത്തിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യയിലേക്കുള്ള വാതിൽ എന്നാണ് ചൈനീസ് മാധ്യമങ്ങൾ പുതിയ പാതയെ വിശേഷിപ്പിച്ചത്. സൈനിക വിമാനങ്ങൾക്കു ലാൻഡ് ചെയ്യാനും സൈനിക വാഹനങ്ങൾക്കു സഞ്ചരിക്കാനും കഴിയുന്ന പാതയാണിത്. 25 മീറ്ററാണ് വീതി. ഒരു മണിക്കൂറായിരുന്ന യാത്രാസമയം അര മണിക്കൂറായി കുറയ്ക്കാൻ പുതിയ പാത സഹായിക്കും.

സൈനികാവശ്യങ്ങൾക്കും ഷിഗാസെ വിമാനത്താവളം ഉപയോഗിക്കുന്നതിനാൽ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾക്ക് പുതിയ പാത സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഷിഗാസെ–ലാസ റെയിൽപാതയ്ക്ക് സമാന്തരമാണ് ഈ ഹൈവേ. ചൈനയിലെ ഷാങ്ഹായിൽ നിന്നു ടിബറ്റിലെ ലാസ വഴി നേപ്പാൾ അതിർത്തിപ്രദേശമായ സംഗമുവിലേക്കു നീളുന്ന ജി 319 ദേശീയപാതയുമായി ഹൈവേ ചേരുന്നുണ്ട്.

പാത തുറന്നത് സൈനികമായി ഇന്ത്യയ്‌ക്ക് വലിയ തിരിച്ചടിയായാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. കാരണം ഈ ഹൈവേയുടെ ഒരുഭാഗം അവസാനിക്കുന്നത് അരുണാചൽ പ്രദേശിന് സമീപമുള്ള ടിബറ്റൻ നഗരമായ നിംഗ്ചിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ