ഗുവാഹതി: ഈമാസം അഞ്ചിന് ഗുവഹത്തിയില്‍ നടന്ന വടക്ക് കിഴക്കന്‍ തദ്ദേശിയ ജനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് നേരിട്ടെത്തിയതിനെതിരെ ശക്തമായ പ്രതിഷേധം. കൂടാതെ രവിശങ്കര്‍ സഞ്ചരിച്ച കാര്‍ സിംഗ് സ്വയം ഓടിക്കുകയും ചെയ്തതും വിമര്‍ശനത്തിന് ശക്തികൂട്ടുന്നു. ടൈം8.ഇന്‍ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചീഫ് ജസ്റ്റിസിന്റെ പ്രവൃത്തിക്കെതിരെ ബാർ അസോസിയേഷനും രംഗത്തെത്തി. ഹൈക്കോടതി ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബാര്‍ അസോസിയേഷന്റെ വാദം. ജസ്റ്റിസ് അജിത് സിങിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനിരിക്കുകയാണ് ബാര്‍ അസോസിയേഷന്‍.

ഒരു ആത്മീയ ആചാര്യനെ സ്വീകരിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ തന്നെ അപമാനിച്ചിരിക്കുകയാണ് സിംഗ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം. രവിശങ്കറിനായി ചീഫ് ജസ്റ്റിസ് തന്റെ പദവിയുടെ മഹത്വം കളഞ്ഞുകുളിച്ചുവെന്ന വിമര്‍ശനവും ഉയരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ