ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുക വഴി മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിനെതിരെ ഹൈദരാബാദ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. ഒരു പരസ്യത്തിലൂടെ ഹൈന്ദവ ദൈവങ്ങളെ വിലകുറച്ചു കാണിച്ചു എന്നാണ് ആരോപണം.

അഭിഭാഷകനായ എം. കരുണാ സാഗര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിസി സെക്ഷന്‍ 295-എ പ്രകാരം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ ചോദ്യം ഹബീബിനെ ചോദ്യം ചെയ്യുമെന്നും സൈദാബാദ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സത്തയ്യ പറഞ്ഞു.

ലക്ഷ്മി, സരസ്വതി, ഗണപതി, കാര്‍ത്തികേയന്‍ എന്നീ ഹൈന്ദവ ദൈവങ്ങള്‍ തങ്ങളുടെ മുടി മിനുക്കുകയും മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നതുമെല്ലാമാണ് പരസ്യത്തില്‍ കാണിക്കുന്നത്. അടുത്ത ജാവേദ് ഹബീബ് സലൂണിന്റെ ബോര്‍ഡും ‘ദൈവങ്ങളും ജെഎച്ച് സലൂണ്‍ സന്ദര്‍ശിക്കുന്നു’ എന്നെഴുതി വയ്ക്കുകയും ചെയതിട്ടുണ്ട്.

ഇത്തരത്തിലുള്ള പരാതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചിട്ടുണ്ടെന്നും കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഹൈദരാബാദിലാണെന്നും പരാതിക്കാരന്‍ പറഞ്ഞു. ഹബീബിനെ ഉടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കരുണ സാഗര്‍ ആവശ്യപ്പെട്ടു.

അതേസമയം തന്റെ കമ്പനിയുടെ പരസ്യം ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പു പറയുന്നുവെന്ന് ഈ മാസം അഞ്ചാം തിയതി ഹബീബ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി പശ്ചിമ ബംഗാളിലെ ഒരു വര്‍ത്തമാനപത്രത്തിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇത് ഹബീബിന്റെ അനുമതിയോടുകൂടി അല്ലായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിക്കുന്നത്. ഉടന്‍ തന്നെ പരസ്യം പിന്‍വലിക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ