പിരാന: ബ്രസീലിൽ ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹം പ്രക്ഷോഭകാരികൾ ചീമുട്ടയെറിഞ്ഞ് അലങ്കോലമാക്കി. മിഷേൽ തെമർ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയിൽ കുളിപ്പിക്കുന്നതിൽ കലാശിച്ചതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യമന്ത്രി റിക്കാർഡോ ബറോസിന്റെ മകളും പിരാനാ സ്‌റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിനാണ് വിവാഹദിനം ദുരനുഭവമുണ്ടായത്. വിവാഹച്ചടങ്ങുകൾ നടന്ന പള്ളിയ്ക്കു മുമ്പിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്.ചടങ്ങുകൾക്ക് ശേഷം പുറത്തേക്കെത്തിയതും പ്രതിഷേധക്കാർ മരിയയ്ക്കു നേരെ ചീമുട്ടകൾ എറിയുകയായിരുന്നു.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിഐപികൾക്കും കിട്ടി ചീമുട്ടയേറ്. ബ്രസീലിയൻ കോൺഗ്രസിലെ മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത ആർഭാട വിവാഹത്തിനു നേരെയാണ് മുട്ടയേറുണ്ടായത്. ചടങ്ങുകൾക്ക് ശേഷം ഒടുവിൽ മറ്റ് വഴികളില്ലാതെ അതേ വേഷത്തിൽ സെക്യൂരിറ്റി ഗാർഡുകൾക്കൊപ്പം വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു മരിയ.

മുൻ പ്രസിഡന്റ് ദിൽമ റൂസഫിനെ പുറത്താക്കി അധികാരത്തിലെത്തിയ മിഷേൽ തെമറിനോടും അദ്ദേഹത്തിന്റെ മന്ത്രിസഭയോടുമുള്ള പ്രതിഷേധം രൂക്ഷമാവുന്നതിന്റെ സൂചനയായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ