ന്യൂഡല്‍ഹി: കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രൂരമായ നിസംഗത പലയിടത്തും തുടരുന്നതിനിടെ ശക്തമായി അപലപിച്ച് ബോളിവുഡും കായികലോകവും. ബോളിവുഡ് താരങ്ങള്‍, സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. എട്ടു വയസുകാരിയുടെ കൊലപാതകത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിതേഷ് ദേശ്മുഖ്, കല്‍ക്കി കൊച്ചെയ്ന്‍, ദിയ മിര്‍സ, അര്‍ജുന്‍ കപൂര്‍, ബൊമ്മന്‍ ഇറാനി, ഹുമ ഖുറൈഷി, റിച്ച ചദ്ധ, സ്വര ഭാസ്കര്‍, ആയുഷ്മാന്‍ ഖുറാന, രേണുക ഷഹാനെ, ടിസ്ക ചോപ്ര എന്നിവര്‍ ഞെട്ടലും അമര്‍ഷവും പ്രകടിപ്പിച്ചു. മലയാളത്തില്‍ നിന്നും ടൊവിനോ തോമസാണ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, വിരേന്ദര്‍ സെവാഗ്, ഹന്‍സല്‍ മെഹ്ത എന്നിവരും പ്രതികരിച്ചു. ചേതന്‍ ഭഗത് അടക്കമുളള എഴുത്തുകാരും സംഭവത്തെ അപലപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ