ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് കേസില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയ സുപ്രീംകോടതി വിധിയില്‍ പരിശോധിച്ച് പ്രതികരിക്കാമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ എല്‍കെ അദ്വാനി അടക്കമുള്ള നേതാക്കളെ ബഹുമാനിക്കുന്നതായും നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പ്രസിഡന്റ് ആകാനുള്ള അദ്വാനിയുടെ അവസാന സ്വപ്നത്തിനാണ് തിരിച്ചടി ലഭിച്ചതെന്ന് ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ശക്തനായ നേതാവാണ് അദ്വാനി. എന്നാല്‍ ഇനി അത് സാധ്യമായ കാര്യമല്ല. ബാബ്റി കേസില്‍ അദ്വാനി ബലിയാട് ആയെന്നും ലാലു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐയെ ഉപയോഗിച്ച് അദ്വാനിയെ പ്രസിഡന്റ് പദത്തിലേക്കുള്ള വഴിയില്‍ നിന്നും പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസും എന്‍സിപിയും ബിജെപി നേതാക്കള്‍ക്കെതിരായ കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു.

ബാബ്റി കേസിൽ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് എന്നിവർ വിചാരണ നേരിടണമെന്നാണ് ഇന്ന് കോടതി ഉത്തരവിട്ടത്.
അദ്വാനിയെയും ബിജെപി നേതാക്കളെയും വിട്ടയച്ച അലഹബാദ് കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. കേസിൽ 13 പേർ വിചാരണ നേരിടണം.എന്നാൽ രാജസ്ഥാൻ ഗവർണ്ണറായ കല്യാൺ സിങ്ങിനെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഗവർണ്ണർക്ക് ലഭിക്കുന്ന ഭരണ ഘടന പരിരക്ഷമൂലമാണ് കല്യാൺ സിങ്ങിനെ വിചാരണയിൽ നിന്ന് ഒഴിവാക്കിയത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. 2 വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും യാതൊരു കാരണവശാലും കേസ് മാറ്റിവെക്കാൻ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ കാലയളവിൽ ജഡ്ജിയെ സ്ഥലം മാറ്റാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കേസിന്റെ വിചാരണ റായ്ബറേലി കോടതിയിൽ നിന്നും ലക്നൗ കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ