അലഹബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 70 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ‌ നിന്നും ജനവിധി തേടും. ഡിസംബർ 7, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുക.

ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് മെഹ്‌സാനയിലാണ് സീറ്റ് നല്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഖാനി ഭാവ്‌നഗര്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കും. ബിജെപിക്ക് ജയസാധ്യത ഉറപ്പുള്ള മണ്ഡലമാണ് വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റ്. പട്ടേദാര്‍ വിഭാഗം നല്‍കുന്ന പിന്തുണയാണ് ഇവിടെ കോണ്‍ഗ്രസിന് അല്പമെങ്കിലും മത്സരസാധ്യത നല്‍കുന്നത്.

ആദ്യഘട്ടത്തിനുള്ള 45 ഉം രണ്ടാം ഘട്ടത്തിനുള്ള 25ഉം സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിച്ച 70ൽ ഏറെയും സിറ്റിങ് എംഎൽഎമാർ തന്നെയാണ് മത്സരിക്കുക. ഇതോടൊപ്പം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കെത്തിയവർക്കും പാർട്ടി അവസരം നൽകിയിട്ടുണ്ട്.

അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എ രാഘവ്ജി പട്ടേലിന് ജംനഗറില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ രാംനീഷ് പര്‍മാര്‍, സി.കെ.റാലോജി എന്നിവരും ആദ്യഘട്ട ബിജെപി പട്ടികയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ