അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി പട്ടേൽ നേതാവ് രംഗത്ത്. ബിജെപിയിലേക്കു ചേരാൻ ഒരു കോടി രൂപ വാഗ്‌ദാനം ലഭിച്ചതായി നരേന്ദ്ര പട്ടേൽ വാർത്താ സമ്മേളനം വിളിച്ച് വെളിപ്പെടുത്തി. ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ പട്ടേൽ സമുദായത്തിന് സംവരണമാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ളയാളായിരുന്നു നരേന്ദ്ര പട്ടേൽ.

ഞായറാഴ്ച വൈകുന്നേരം ഇദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ, ഇന്നലെ രാത്രി വൈകി നാടകീയ നീക്കത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനൊപ്പം തനിക്കു കിട്ടിയ നോട്ടുകെട്ടുകളും മാധ്യമപ്രവർത്തകർക്ക് മുന്നിൽ നരേന്ദ്ര പട്ടേൽ പ്രദർശിപ്പിക്കുകയും ചെയ്തു.

ഹാർദിക് പട്ടേലിന്റെ മറ്റൊരു പ്രധാന അനുയായിയായിരുന്ന വരുൺ പട്ടേലും ഇന്നലെ ബിജെപിയിലേക്കു കൂടുമാറിയിരുന്നു. ബിജെപിയോടു ചേരാൻ വരുൺ പട്ടേൽ വഴിയാണ് തനിക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്തതെന്നാണ് നരേന്ദ്ര പട്ടേൽ പറഞ്ഞ്. ഇതിനായി 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്ന് ഏറ്റിട്ടുണ്ടെന്നും എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലയ്ക്ക് എടുക്കാനാകില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി.

ബിജെപിയുടെയും വരുൺ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്പെടുത്താനാണ് താൻ പണം വാങ്ങിയതെന്നും നരേന്ദ്ര പട്ടേൽ കൂട്ടിച്ചേർത്തു. അതേസമയം, സംഭവവികാസങ്ങളിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ