ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ സിബിഐ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ദേരാ സച്ഛാ സൗദ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീമിനെ അനുകൂലിച്ചുകൊണ്ട് ബിജെപി എംപി സാക്ഷിമഹാരാജ് രംഗത്ത്. എഎന്‍ഐക്കു നല്‍കിയ പ്രസ്താവനയില്‍ ബിജെപി എംപി ചോദിച്ചത് ‘ഒരാള്‍ക്കു മേല്‍ ലൈംഗി ചൂഷണം ആരോപിക്കപ്പെടുന്നു. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ അയാള്‍ക്കൊപ്പം നില്‍ക്കുന്നു. എന്തുകൊണ്ടാണ് ഈ മനുഷ്യരുടെ ശബ്ദം കേള്‍ക്കാതെ പോകുന്നത്’ എന്നായിരുന്നു.

ഹരിയാനയില്‍ എന്ത് സംഘര്‍ഷം നടന്നാലും ദേരയിലെ ആളുകള്‍ മാത്രമല്ല, കോടതിയും ഉത്തരവാദിയാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെ താറടിച്ചു കാണിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇതിനു പുറകില്‍ എന്നും ബിജെപി എംപി പറഞ്ഞു.

സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്കുലയിലെ സിബിഐ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ