ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടേയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയുടേയും വിവാഹം ഗംഭീരമായാണ് ഇറ്റലിയില്‍ വെച്ച് നടന്നത്. ആരാധകര്‍ ഒന്നടങ്കം വിവാഹം സോഷ്യല്‍മീഡിയയിലൂടെ ആഘോഷമാക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കിപ്പുറവും താരദമ്പതികള്‍ക്കുളള ആശംസകള്‍ പ്രവഹിക്കുകയാണ്. എന്നാല്‍ ഇതിനിടെയാണ് ചുവന്നകൊടി പൊക്കിക്കൊണ്ട് മധ്യപ്രദേശില്‍ നിന്നുളള ബിജെപി എംഎല്‍എയുടെ പ്രവേശനം.

രാജ്യസ്നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് വിദേശരാജ്യം തിരഞ്ഞെടുത്തതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഗുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്കില്‍ ഇന്ത്യ ക്യാംപെയിനില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പന്നലാല്‍ ശഖ്യ എന്ന ബിജെപി എംഎല്‍എയാണ് ആരോപണവുമായി എത്തിയത്. വിരാട് കോഹ്ലിയും അനുഷ്കയും ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ച് വിവാഹത്തിന്റെ പണം വിദേശത്ത് ചെലവഴിച്ചത് ദേശഭക്തിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ശ്രീകൃഷ്ണന്റേയും ശ്രീരാമന്റേയും വിക്രമാധിത്യന്റേയും യുധിഷ്ഠിരന്റേയുമൊക്കെ വിവാഹം നടന്ന മണ്ണാണിത്. എന്നാല്‍ ഇതൊന്നും കാണാതെ വിദേശത്ത് വെച്ചാണ് ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ തോന്നിയത്. മാതൃഭൂമി ഇവര്‍ക്ക് ഒന്നുമല്ലെന്നാണ് ഇത് ശരിവെക്കുന്നത്. ഇതല്ല രാജ്യസ്നേഹം, ഇതല്ല ദേശഭക്തി’, പന്നലാല്‍ പറഞ്ഞു.
ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ