ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്‌ലിംങ്ങളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎൽഎയുടെ ഭീഷണി. ‘തങ്ങള്‍ നൂറു കോടി വരുന്ന ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും. മുസ്ലിംകള്‍ ആരെങ്കിലും അത് തടയാന്‍ വന്നാല്‍ അവരെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ല’ ബ്രിജ്ഭൂഷണ്‍ രാജ്പുത് എംഎല്‍എ പറഞ്ഞു. ഫേസ്ബുക്ക് പേജിലിട്ട വീഡിയോ പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും ഇയാള്‍ വീഡിയോയിൽ ആവശ്യപ്പെടുന്നു.

മുസ്​ലിംകൾക്ക്​ പാകിസ്ഥാൻ കിട്ടിയിട്ടും നിരവധിപേർ ഇവിടെ തന്നെ തങ്ങുകയാണ്​. ഭാരതം ഹിന്ദുക്കളുടേതാണ്​. ഭാരതത്തിലെ നൂറുകോടി ജനങ്ങൾ രാമക്ഷേത്രം നിർമിക്കുമെന്ന്​ പ്രതിജ്ഞയെടുക്കണം. അസദുദ്ദീൻ ഉവൈസിയെ പോലുള്ള രാജ്യദ്രോഹികളെ പാകിസ്​താനിലേക്ക്​ ​അയക്കണമെന്നും ബ്രിജ്​ഭൂഷൺ രജ്​പുത്​ പറഞ്ഞു.

തങ്ങളെ ആര്‍ക്കും ഇവിടെ നിന്ന് ആട്ടിയോടിക്കാന്‍ കഴിയില്ലെന്നാണ് മുസ്ലിംകള്‍ പറയുന്നത്. അങ്ങിനെയെങ്കിലും അവരെ ആട്ടിയോടിക്കാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ ശ്രമിച്ചിട്ടില്ല. തങ്ങള്‍ അതിന് ശ്രമിച്ചാല്‍ ഒരൊറ്റ മുസ്ലിമിനും ഇന്ത്യയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും രാജ്പുത് ഭീഷണി മുഴക്കി.

ഉത്തർപ്രദേശിലെ ചക്രകാരിയിൽ നിന്നുള്ള ജനപ്രതിനിധിയാണ്​ ബ്രിജ്​ഭൂഷൺ. മതവിദ്വേഷമുണ്ടാക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച എംഎൽഎക്കെതിരെ നടപടി വേണമെന്ന്​ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ