ന്യൂഡല്‍ഹി :ഇന്ത്യയില്‍ മികച്ച ഭരണം ഉറപ്പുവരുത്തുവാന്‍ നിലവിലുള്ള വ്യവസ്ഥ മാറി പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥയിലേക്ക് നീങ്ങണം എന്ന അഭിപ്രായം ആവര്‍ത്തിച്ച് ശശി തരൂര്‍. ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡ് മഹാസഖ്യമുപേക്ഷിക്കുകയും ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ നിര്‍മിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ശശി ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂറിന്‍റെ അഭിപ്രായപ്രകടനം.

ഗോവയും ബിഹാറും മണിപ്പൂരും നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ പോരായ്മകള്‍ തുറന്നു കാട്ടുന്നുവെന്നും. മൂന്നാം തവണയും തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ബിജെപി ഒരു സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചിക്കുന്നു എന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു. “നമ്മുടെ വ്യവസ്ഥിതി തിരഞ്ഞെടുക്കപ്പെട്ടവരെ ഭരണനിര്‍വാഹകരാക്കുന്നു എന്നതിനാല്‍ പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരുടെ താത്പര്യങ്ങളെ വഞ്ചിക്കുക എന്നത് എളുപ്പമാണ്. ബിജെപിയെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ തള്ളിക്കളഞ്ഞതായിരുന്നു.” ശശി തരൂര്‍ പറഞ്ഞു.

ഗോവയിലും മണിപ്പൂരിലും ബിജെപിക്ക് വലിയ ഒട്ടകക്ഷിയാവാന്‍ സാധിച്ചില്ലായെങ്കിലും പ്രാദേശിക ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് സര്‍ക്കാര്‍ നിര്‍മിക്കാന്‍ സാധിച്ചു. ബീഹാറില്‍ 2015ലെ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ആര്‍ജെഡിയും ജെഡിയുവും കോണ്‍ഗ്രസും ചേര്‍ന്ന് മുന്നണി രൂപീകരിച്ചതാണ്. ഇരുപത് മാസങ്ങള്‍ക്കിപ്പുറം ആര്‍ജെഡിക്കു നേരെ ഉയര്‍ന്ന അഴിമതി ആരോപണം ചൂണ്ടിക്കാണിച്ചുകൊണ്ട് ജെഡിയുവിനു സഖ്യം വേര്‍പിരിക്കുവാനും ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും സാധിച്ചു.

ഇന്ത്യയുടെ തിരഞ്ഞെടുപ്പും ഭരണവ്യവസ്ഥയും പുനര്‍നിര്‍ണയിക്കണം എന്ന് ശശി തരൂര്‍ അഭിപ്രായപ്പെടുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയില്‍ കേരളത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ നിലവിലെ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ കേന്ദ്ര മന്ത്രികൂടിയായ ശശി തരൂര്‍ സംസാരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ