പാറ്റ്ന: ദ്രുതഗതിയിലുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് ശേഷം ബിജെപി പിന്തുണയോടെ വീണ്ടും ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ട് നേടി. എൻഡിഎ പിന്തുണയോടെ 131 വോട്ടുകളുടെ ബലത്തിലാണ് നിതീഷ് കുമാർ വിശ്വാസ വോട്ട് നേടിയത്.

രണ്ട് ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവർണറുടെ നിർദ്ദേശത്തെ തുടർന്നാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സർക്കാർ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പിന് ഇറങ്ങിയത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലാലു പ്രസാദ് യാദവിന്റെ ആർജെഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. രണ്ട് കോൺഗ്രസ് എംഎൽഎ മാർ കൂറ് മാറി വോട്ട് ചെയ്തുവെന്ന ആരോപണം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

അതേസമയം 132 എംഎൽഎമാരുടെ പിന്തുണയാണ് വിശ്വാസവോട്ടെടുപ്പിന് മുൻപ് നിതീഷ് കുമാർ അവകാശപ്പെട്ടിരുന്നത്. ജെഡിയുവിന്റെ 71 എംഎൽഎ മാരുടെയും ബിജെപിയുടെ 53 എംഎൽഎമാരുടെയും എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് നിതീഷ് കുമാർ സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ