പട്ന: വിവാഹം സ്വര്‍ഗത്തില്‍ വച്ചെന്നൊക്കെ പറയാറുണ്ട് പൊതുവെ. പക്ഷേ തോക്കിന്‍മുനയില്‍ എന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള സംഗതിയല്ല. എന്നാല്‍ ഈ 29കാരന്റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ്. ഭീഷണിപ്പെടുത്തി തോക്കു ചൂണ്ടി താലികെട്ടിക്കുകയായിരുന്നു ഇയാളെക്കൊണ്ട്. ബിഹാറിലാണ് ഈ അപൂര്‍വ സംഭവം നടന്നത്.

എഞ്ചിനീയറായ ചെറുപ്പക്കാരനെ തട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി ഒരു പെണ്‍കുട്ടിയുമായി വിവാഹം നടത്തിച്ചത്. ബാക്കാറോ സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജറായ വിനോദ് കുമാറാണ് ഇങ്ങനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായത്. പട്നയിലെ പാണ്ഡരാക് പ്രദേശത്താണ് ഈ വിവാഹം നടന്നത്.

വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ കരഞ്ഞുകൊണ്ട് സഹായത്തിന് കേഴുന്ന വരനേയും വീഡിയോയില്‍ കാണാം. താലികെട്ടാന്‍ ഇയാള്‍ വിമുഖത കാണിക്കുമ്പോള്‍ കുറേ സ്ത്രീകള്‍ ഇയാളോട് സഹകരിക്കാന്‍ ആവശ്യപ്പെടുകയും, പലപ്പോഴും ഇയാളെ മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. ‘നിങ്ങളെ തൂക്കികൊല്ലുകയല്ല, നിങ്ങളുടെ വിവാഹം നടത്തുകയാണ് ചെയ്യുന്നത്’ എന്ന് വധുവിന്റെ ബന്ധുക്കള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വിനോദിനെ കാണാനില്ലെന്നു പറഞ്ഞ് സഹോദരന്‍ സഞ്ജയ് കുമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പുറത്തുവന്നത്. സഹോദരന്റെ വിവാഹത്തെ കുറിച്ച് ഒരു അജ്ഞാത സന്ദേശം വന്നകാര്യവും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഹാട്ടിയ-പട്ന ട്രെയിനില്‍ഡിസംബര്‍ മൂന്നിന് സഹോദരന്‍ പട്നയിലേക്ക് പുറപ്പെട്ടതാണ്. അവിടെ വച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ മൊക്കാമയിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചു എന്നാണ് സഹോദരന്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ