ബനാറസ്: ബനാറസ് ഹിന്ദു സർവകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി രാജീവ് കുമാറിന്, വാരണാസി ഡിവിഷണല്‍ കമ്മീഷണര്‍ നിതിന്‍ ഗോകര്‍ണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉപദ്രവത്തിനിരയായ പെണ്‍കുട്ടി നല്‍കിയ പരാതിയിൽ സർവകലാശാല ഭരണസമിതി ഗൗരവത്തോടെ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിതിഗതികള്‍ യഥാസമയം കൈകാര്യം ചെയ്യുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസ് സംഘത്തെ ആക്രമിച്ചെന്നും ക്യാംപസില്‍ സംഘര്‍ഷമുണ്ടാക്കിയെന്നും ആരോപിച്ച് 1000 വിദ്യാർഥികള്‍ക്കെതിരെ ഇന്നലെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നാലുദിവസങ്ങളായി വിദ്യാർഥികള്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ വാരണാസി ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്യാംപസിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടന്നത്. സര്‍വകലാശാല ക്യാംപസില്‍ ബൈക്കില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം രാത്രി കോളേജില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകുന്ന പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദ്യം പെണ്‍കുട്ടി ഹോസ്റ്റല്‍ വാര്‍ഡനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല.

പെണ്‍കുട്ടികള്‍ക്കെതിരെ ക്യാംപസില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാത്രിയോടെ വിസിയുടെ വസതിക്ക് മുന്നിലെത്തി. എന്നാല്‍ പൊലീസും സുരക്ഷാ ജീവനക്കാരും ഇത് തടഞ്ഞു. ഇതോടെ പൊലീസിനു നേരെയും പ്രതിഷേധവും കല്ലേറും ഉണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

എന്നാല്‍ തീര്‍ത്തും സമാധാനപരമായി ധര്‍ണ നടത്തിയ തങ്ങളെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നിരവധി തവണ ക്യാപസിനുള്ളില്‍ ആവര്‍ത്തിച്ചിട്ടും ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അധ്യാപകരും പൊലീസും ചേര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വൈസ് ചാന്‍സലറുടെ ഉറപ്പ് ലഭിക്കാതെ തങ്ങള്‍ പുറകോട്ടില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ