ധാക്ക: റോഹിങ്ക്യൻ അഭയാർഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം നല്‍കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണം നടപ്പിലാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

4,30,000ത്തോളം വരുന്ന റോഹിങ്ക്യൻ അഭയാർഥികള്‍ക്ക് സിം വില്‍പ്പന നടത്താന്‍ ശ്രമിച്ചാല്‍ പിഴ ഈടാക്കുമെന്ന് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിയന്ത്രണം നടപ്പിലാവുന്നതോടെ റോഹിങ്ക്യകൾക്ക്  ബംഗ്ലാദേശില്‍ നിന്നും സിം ലഭിക്കില്ലെന്ന് ടെലികോം മന്ത്രാലയ വക്താവ് എനയെറ്റ് ഹൊസൈന്‍ പറഞ്ഞു.

മാനുഷിക പരിഗണന കണക്കിലെടുത്താണ് റോഹിങ്ക്യൻ അഭയാർഥികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുന്നത്. എന്നാല്‍ ദേശത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് ജൂനിയര്‍ ടെലികോം മന്ത്രി തരാണ ഹലീം വ്യക്തമാക്കി. പുതിയതായി രാജ്യത്തെത്തിയ റോഹിങ്ക്യൻ വംശജർക്ക്  ബയോമെട്രിക് കാര്‍ഡുകള്‍ ലഭിക്കുന്നതോടെ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ