ശ്രീനഗര്‍: കശ്മീരിന്റെ സ്വയം ഭരണാധികാരത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പരാമര്‍ശത്തിനു പുറകെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നിലപാടുമായി രംഗത്ത്. ജമ്മു കശ്മീരിന് ഭരണഘടന വിഭാവനം ചെയ്ത സ്വയംഭരണാധികാരം ദേശ വിരുദ്ധതയാണെങ്കില്‍ ഞങ്ങളും ദേശവിരുദ്ധരാണെന്ന് അഭിമാനത്തോടെ പറയുമെന്ന് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.

കശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും സ്വയംഭരണം ആഗ്രഹിക്കുന്നുവെന്നും അതിനോട് താന്‍ യോജിക്കുന്നുവെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.

പാക്കിസ്ഥാനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ സ്വയംഭരണാധികാരം വേണമെന്നല്ല ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന സ്വയംഭരണാധികാരമാണ് തങ്ങള്‍ ചോദിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

നാഷണല്‍ കോണ്‍ഫറന്‍സ് സ്വയംഭരണാധികാരം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. 15വര്‍ഷത്തിന് ശേഷം നടന്ന പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം മുന്നോട്ടു വെച്ചത്.

‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വ്യക്തിത്വം ഉണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഭരണഘടനയും കൊടിയുമുണ്ട്’ പാര്‍ട്ടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ